കൈകൾ പിന്നിൽ കെട്ടിയിരിക്കുകയാണെങ്കിലും അവിടെ കിടന്നുകൊണ്ട് മൂസ തിരിഞ്ഞു.
മച്ചിൽ നിന്നു തൂങ്ങിക്കിടക്കുന്ന ലൈറ്റിന്റെ ശക്തമായ വെളിച്ചം കണ്ണുകളിലേക്കു പുളഞ്ഞിറങ്ങി.
തന്നെ അകത്തേക്കു വലിച്ചെറിഞ്ഞവർ വാതിൽ പൂട്ടി മടങ്ങിയെന്ന് അയാൾക്ക് ഉറപ്പായി.
***
തിരുവനന്തപുരം മെഡിക്കൽ കോളേജ്.
ഐ.സി.യുവിൽ ഏഴ് പേഷ്യൻസ് ഉണ്ടായിരുന്നു.
താരയ്ക്കും മറ്റൊരു നഴ്സിനുമാണ് ഡ്യൂട്ടി.
ഒപ്പമുള്ളവർ താരയുടെ അടുത്തേക്കു വന്നു.
''ഞാൻ ഡ്യൂട്ടി റൂമിൽ ഒന്നു പോയിട്ടു വരട്ടെ..."" സന്തോഷം ഉള്ളിലൊതുക്കി താര സമ്മതിച്ചു.
നഴ്സ് പോയി.
താര റൂമിന്റെ വാതിൽ പെട്ടെന്ന് അകത്തു നിന്നു ലോക്കുചെയ്തു. ശേഷം തിടുക്കത്തിൽ ഒരു ടേബിളിന് അടുത്തെത്തി.
അവിടെ മറച്ചുവച്ചിരുന്ന ചെറിയ ബോട്ടിൽ മരുന്നെടുത്ത് സിറിഞ്ചിലാക്കി.
തുടർന്ന് മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ കിടക്കയ്ക്ക് അടുത്തെത്തി.
ഉറക്കത്തിലായിരുന്നു രാജസേനൻ.
താര ഒരിക്കൽക്കൂടി ചുറ്റും നോക്കി. മറ്റുള്ള പേഷ്യന്റ് ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി.
പിന്നെ രാജസേനന്റെ ഞരമ്പുകളിലേക്ക് ഒഴുകുന്ന ഗ്ളൂക്കോസിന്റെ പ്ളാസ്റ്റിക് ബോട്ടിലിലേക്ക് സിറിഞ്ച് കുത്തിയിറക്കി. അതിൽ ഉണ്ടായിരുന്ന മരുന്ന് ഗ്ളൂക്കോസിൽ കലർത്തി...
തിടുക്കത്തിൽ സിറിഞ്ച് വെയ്സ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. ഐ.സി.യൂവിന്റെ വാതിലിന്റെ ലോക്കു നീക്കി. എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ തന്റെ സീറ്റിൽ വന്നിരുന്നു.
നിമിഷങ്ങൾ.
സൂത്രത്തിൽ താര, രാജസേനനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
അയാൾ ഞെട്ടിയതുപോലെ ഒന്നു കണ്ണു തുറക്കുകയും പുളയുകയും ചെയ്തു. വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു...
വാതിൽ തുറന്ന്, പുറത്തേക്കു പോയ നഴ്സ് അകത്തേക്കു വരുന്നുണ്ടായിരുന്നു....
***
താൻ എത്ര സമയം അങ്ങനെ കിടന്നെന്ന് അറിയില്ല സ്പാനർ മൂസയ്ക്ക്.
ഇരുമ്പു വാതിൽ തുറക്കപ്പെടുന്ന ശബ്ദം. ഒപ്പം അകത്തേക്കു വരുന്ന കാലടിയൊച്ചകൾ....
മൂസ പണിപ്പെട്ട് തിരിഞ്ഞുനോക്കി.
ഏറ്റവും മുന്നിൽ എസ്.പി അരുണാചലം!
അതിനു പിന്നിൽ തന്നെ ഇവിടേക്കു കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥർ.
തൊട്ടരുകിൽ വന്നുനിന്ന് അരുണാചലം മൂസയെ ആകമാനം ഒന്നു നോക്കി.
''ചുട്ടിപ്പാറയ്ക്കു മുകളിൽ വച്ച് നീ എന്നെ കൊല്ലാൻ ശ്രമിച്ചത് ഓർക്കുന്നുണ്ടോടാ?"
അരുണാചലം തിരക്കി.
മൂസ മിണ്ടിയില്ല.
''പഴയ ഒരു ആഭ്യന്തരമന്ത്രിയും അയാളുടെ തലതിരിഞ്ഞ മകനും നിന്റെ നിക്കറിന്റെ പോക്കറ്റിൽ ഉണ്ടെന്നു കരുതി എന്തും ആകാമെന്നു കരുതി. അല്ലേ?"
അരുണാചലം ഷൂസണിഞ്ഞ കാൽ വീശി ഒറ്റത്തൊഴി.
മൂസയുടെ വാരിയെല്ലുകൾക്കിടയിൽ.
''ആ..."
മൂസ വളഞ്ഞ് രണ്ടടി ഞെരങ്ങിപ്പോയി.
''ഈ രാത്രി കൊണ്ട് കളി മുഴുവൻ മാറാൻ പോകുകയാണെടാ. ഇനി നീയില്ല... നിന്റെ യജമാനന്മാരുമില്ല. നിന്റെ നാവിൻ തുമ്പിൽ കുരുങ്ങിക്കിടക്കുന്ന നടുക്കുന്ന സത്യങ്ങൾ മുഴുവൻ, നിന്നെ ചതച്ചു പിഴിഞ്ഞ് ഇവർ പുറത്തുകൊണ്ടുവരും. അതോടെ കേരളം നടുങ്ങും. നിന്റെ രാജസേനനും രാഹുലും വെറും സീറോ ആയി മാറും."
സ്പാനർ മൂസ ശ്വാസം അടക്കിപ്പിടിച്ചു കിടന്നു.
അരുണാചലം തിരിഞ്ഞ് എസ്.ഐമാരെ നോക്കി:
''നമുക്ക് വേണ്ടത് സത്യങ്ങളാണ്. അതിനുവേണ്ടി ഇവന് മനുഷ്യൻ എന്ന പരിഗണന പോലും കൊടുക്കണ്ടാ... ഒരു ജയിലിലും ഉണ്ടും ഉറങ്ങിയും ഇവൻ സുഖവാസം നടത്താനും പാടില്ല. അണ്ടർസ്റ്റാന്റ്?"
''സാർ..."
ആറുപേരും മുന്നോട്ടാഞ്ഞു നിന്നു.
''ഞാൻ രാവിലെ വരും. അപ്പോൾ അറിയാവുന്നതു മുഴുവൻ ഇവൻ ഛർദ്ദിച്ചിരിക്കണം.
''സർ."
അമർത്തിയൊന്നു മൂളിയിട്ട് അരുണാചലം മടങ്ങി.
(തുടരും)