കോഴിക്കോട്: ഹിറ്റ്ലറും നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ശ്രേണിയിൽപ്പെട്ടവരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി ഇലക്ഷൻ കോ - ഓഡിനേഷൻ കമ്മിറ്റി അംഗം ഐ. മൂസ രചിച്ച 'ഫാസിസത്തന്റെ വഴികൾ ഹിറ്റ്ലറിൽ നിന്ന് മോദിയിലേക്ക് ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസത്തിന്റെ വഴികൾ മോദിയിലേക്കും മോദിയിൽ നിന്ന് പിണറായി വിജയനിലേക്കും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കുന്ന നടപടികളാണ് മോദിയും പിണറായി വിജയനും സ്വീകരിക്കുന്നത്. രാജ്യം തുടർന്ന് പോന്ന ഉന്നതമായ ജനാധിപത്യ ബോധം ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി. വിമർശിച്ചാൽ ജയിലിലാകുന്ന സ്ഥിതിയാണുള്ളത്. അല്ലെങ്കിൽ സി.ബി.ഐ പിറകെ വരും. പിണറായി വിജയനും എതിർ അഭിപ്രായങ്ങളെ ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനം പോലും ഒഴിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.