metro

ചെന്നൈ : തിരക്കേറിയ നഗരങ്ങളുടെ പുതിയ യാത്രാ സംസ്‌കാരമെന്ന് അറിയപ്പെടുന്ന ഗതാഗത മാർഗമാണ് മെട്രോ. ആദ്യഘട്ടം നിർമ്മാണ പ്രവർത്തനം പൂർണതോതിലായതോടെ ചെന്നൈ മെട്രോ കഴിഞ്ഞ ദിവസം യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡിട്ടിരിക്കുകയാണ്. രണ്ട് ലക്ഷം കൃത്യമായി പറഞ്ഞാൽ 2,01,556 പേരാണ് കഴിഞ്ഞ ദിവസം ചെന്നൈ മെട്രോ ഉപയോഗിച്ചത്. ചെന്നൈ മെട്രോയിൽ ശരാശരി അറുപതിനായിരം പേരാണ് ഇതുവരെ യാത്ര ചെയ്തിരുന്നത്. എന്നാൽ വാഷർമാൻ പെട്ട് പാത പുതുതായി തുറന്നതോടെയാണ് കൂടുതൽ യാത്രക്കാർ മെട്രോയെ തിരഞ്ഞെടുക്കാൻ എത്തിയത്.

ഇത് കൂടാതെ ഉദ്ഘാടനം പ്രമാണിച്ച് സൗജന്യമായിട്ടാണ് ഇവിടെ സർവീസ് നടത്തിയതെന്നതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. എന്നാൽ ഇത് രാത്രി ഏഴ് മണിക്ക് ശേഷമായിരുന്നു. പകൽ ടിക്കറ്റെടുത്തുള്ള യാത്രയാണ് അനുവദിച്ചിരുന്നത്. വാഷർമാൻപെട്ട് മുതൽ എജിഡിഎംഎസ് വരെ റോഡ് മാർഗം മുപ്പത് മിനിട്ട് കൊണ്ട് എത്തേണ്ട സമയത്ത് മെട്രോയിലെ യാത്രയ്ക്ക് കേവലം പത്ത് മിനിട്ട് മാത്രമാണ് വേണ്ടത്.