സ്മാർട്ട്ഫോൺ നിർമാണത്തിൽ മാത്രമല്ല ഷവോമി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും, മറ്റ് വസ്തുക്കളുടെ നിർമാണത്തിലും ഷവോമി തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കുറഞ്ഞവിലയിൽ മികച്ച ഉപകരണങ്ങളാണ് ഷവോമി പുറത്തിറക്കുന്നത് എന്ന കാര്യം തന്നെയാണ് കമ്പനിയെ ജനപ്രിയമാക്കുന്നത്.
ഷവോമിയുടെ സി.സി.ടി.വി കാമറയാണ് ഇപ്പോൾ പുറത്തിറക്കുന്ന പുതിയ ഗാഡ്ജെറ്റ്. 1080പിക്സലിൽ ഫുൾ എച്ച് ഡി റെക്കോർഡിംഗ് സംവിധാനത്തോടെയാണ് മി ഹോം സെക്യൂരിറ്റി കാമറ 360 എന്ന സി.സി.ടി.വി കാമറ വിപണിയിലെത്തിക്കുന്നത്. നേരത്തെ ഇതിന്റെ മറ്റൊരു മോഡൽ പുറത്തിറക്കിയിരുന്നു. എന്നാൽ ഇത്തവണ കാമറയിൽ മികച്ച ഫീച്ചറുകളാണ് ഷവോമി ഉൾപ്പെടുത്തിയിരിക്കുന്നത്.
360ഡിഗ്രി ആംഗിളിൽ കാമറ ചലിപ്പിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഫുൾ എച്ച്.ഡി ക്വാളിറ്റിയിൽ 20ഫ്രെയിം പെർ സെക്കന്റ് എന്ന റേഷിയോയിൽ വീഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കും. 130ഡിഗ്രി അൾട്രാ വൈഡ് ലെൻസാണ് കാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇൻഫ്രാറെഡ് നൈറ്റ് വിഷൻ സിസ്റ്റവും, ടാക്ക് ബാക്ക് ഫീച്ചറും, നിർബന്ധിത ബുദ്ധി ഉപയോഗിച്ച് മോഷൻ ഡിറ്റക്ഷൻ ചെയ്യാനും സാധിക്കും.
എൻ.എ.എസ് സ്റ്റോറേജ് സപ്പോർട്ടിംഗും, മൈക്രോ എസ്.ഡി കാർഡും ഉപയോഗിച്ച് റെക്കോർഡ് ചെയ്യാനും കാമറയിൽ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷക്കായി വാങ്ങുന്ന സി.സി.ടി.വി കാമറകൾ വൻ വില കൊടുത്തായിരിക്കും ഇൻസ്റ്റോൾ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ഷവോമിയുടെ ഈ ഇത്തിരിക്കുഞ്ഞൻ കാമറക്ക് വെറും 2,699രൂപമാത്രമാണ് വില. കാമറ ഫെബ്രുവരി 14മുതൽ വിപണിയിലെത്തും.