ന്യൂഡൽഹി: തെലുങ്ക് ദേശം പാർട്ടിയുടെ രാജ്യസഭാ എം.പി സി.എം. രമേഷിന് വാട്സ് ആപ് വിലക്കേർപ്പെടുത്തി. എന്നാൽ എന്തിനാണ് രമേഷിനെ വിലക്കിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. താൻ വാട്സ് ആപ് നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് രമേഷ് വ്യക്തമാക്കി.
ഇതിനു പിന്നാലെ ടി.ഡി.പിയുടെ കഡപ്പ ജില്ലാ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡിക്കും വാട്സ് ആപ് വിലക്കേർപ്പെടുത്തിയതായി വാർത്തയുണ്ടായിരുന്നു. ടി.ഡി.പി നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വാട്സ് ആപ്പിന്റെ നീക്കത്തിനു പിന്നിൽ ബി.ജെ.പിയാണെന്നും റെഡ്ഡി ആരോപിച്ചു. അക്കൗണ്ട് പല തവണ ഡിആക്ടിവേറ്റ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാതിരുന്നതോടെയാണ് വിലക്കേർപ്പെടുത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും റെഡ്ഡി പറഞ്ഞു.
വാട്സ് ആപ്പിലൂടെയുള്ള നുണ പ്രചാരണങ്ങളും വ്യാജ സന്ദേശങ്ങളും പലരുടെയും ജീവൻ വരെ ആപത്തിലാക്കുന്ന സാഹചര്യത്തിൽ ആപ്ലിക്കേഷന്റെ സുരക്ഷയുടെ കാര്യത്തിൽ കമ്പനി കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആപ്ലിക്കേഷനിൽ ചില പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വാട്സ് ആപ് വിലക്കുകൾ
ഇങ്ങനെയൊക്കെ
വാട്സ് ആപ് നിബന്ധനകൾ മറികടന്നാൽ
നിയമവിരുദ്ധവും അശ്ലീലവും അപകീർത്തികരവുമായ സന്ദേശങ്ങൾ അയച്ചാൽ
കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളുടെ പ്രചാരണം
മറ്റുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങുന്നത്
കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർക്ക് തുടർച്ചയായി സന്ദേശങ്ങൾ അയയ്ക്കുന്നത്
മാൽവെയർ സന്ദേശങ്ങൾ പങ്കുവയ്ക്കൽ
നിരവധി പേർ നിങ്ങളുടെ നമ്പർ ബ്ലോക്ക് ചെയ്താൽ