tiny-nair

തിരുവനന്തപുരം ."ഇത് ആരേയും വേദനിപ്പിക്കാൻ വേണ്ടി എഴുതിയതല്ല.എന്റെ അച്ഛന്റെ വേർപാടിനുശേഷം എന്റെ ഉള്ളിൽത്തോന്നിയ കവിത മാത്രമാണിത് "എന്ന അടിവരയോടെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.ടൈനി നായർ ഫേസ്ബുക്കിൽ കുറിച്ചു. ഇംഗ്ളീഷിൽ എഴുതിയതിന്റെ ഏകദേശ പരിഭാഷയാണ് ചുവടെ.

ചരമം

ഇന്ന് വീട്ടിൽ ഒരു സർക്കസ് നടന്നു

അവർ അദ്ദേഹത്തിന്റെ വിരലുകൾ കൂട്ടിക്കെട്ടി

താടിയും കെട്ടിമുറുക്കി

മിഴികൾ അടച്ചു

ശേഷം അവർ,ആ ശരീരത്തിൽ തണുത്ത വെള്ളം തളിച്ചു

ആ മുഖത്ത് പുഷ്പദളങ്ങൾ വിതറി

അവർ ആ നെറ്റിത്തടത്തിൽ ഭസ്മ രേഖകൾ വരച്ചു

ആത്മാവിനെ ഇക്കിളിപ്പെടുത്താൻ നോക്കി

എന്നാൽ എപ്പോഴും എന്നപോലെ അദ്ദേഹം അചഞ്ചലനായിരുന്നു

ശാന്തനായി പതറാതെ ആ ഐസ് ബക്കറ്റ് ചലഞ്ച് അദ്ദേഹം നേരിട്ടു

അല്പ്പം പോലും അദ്ദേഹം പിൻവലി‌ഞ്ഞില്ല.

ആ മുഖത്ത് അതൃപ്തിയുടെ വൈകാരികഭാവങ്ങൾ ഒന്നുപോലുമുണ്ടായില്ല.

എല്ലാം പരാജയപ്പെട്ടപ്പോൾ

എന്റെ സൂപ്പർ ഹീറോയെ അവർ എടുത്തുകൊണ്ടുപോയി

250 ഡിഗ്രിയിൽ കത്തുന്ന തീച്ചൂളയിലേക്ക് തള്ളിക്കയറ്റി

അലയടിക്കുന്ന ആ അഗ്നിയുടെ ചൂടിൽ എല്ലാം ചാരമായി

അദ്ദേഹത്തിന്റേതായി അവശേഷിച്ചതെല്ലാം.

രുചികരമല്ലാത്ത ഒരു സസ്യഭോജനം കഴി‌‌ഞ്ഞ് അവരെല്ലാം മടങ്ങി

ശൂന്യമായ തമ്പിൽ,ഞാൻ ഒറ്റയ്ക്ക്...

tiny-nair

ടൈനി നായരുടെ ഈ കവിത നിറകണ്ണുകളോടെ മാത്രമേ വായിക്കാൻ കഴിയുകയുള്ളു. ടൈനി നായർ ഏകമകനായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹമിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. "കേരളത്തിൽ നിന്ന് പഠനത്തിനായിട്ടാണ് അദ്ദേഹം കൊൽക്കത്തയിലേക്ക് പോയത്.അവിടെ വച്ച് ഒരു ബംഗാളി വനിതയെ വിവാഹം ചെയ്ത് വിസ്മയാവഹവും സാഹസികവുമായ ജീവിതം നയിച്ചു.മറവിരോഗത്തിന് കീഴടങ്ങും വരെ വീട്ടിൽ ഓരോ നിമിഷവും അദ്ദേഹം ഞങ്ങളെ കോൾമയിർകൊള്ളിച്ച് ജീവിതത്തെ ആസ്വാദ്യകരമാക്കി മാറ്റി...ഞങ്ങളെ മരവിപ്പിലാക്കി അദ്ദേഹം ഇന്ന് മരിച്ചു.ഒരർത്ഥത്തിൽ വേദനയനുഭവിക്കാതെ,മറ്റു ബുദ്ധിമുട്ടുകൾ നേരിടാതെ അദ്ദേഹം പോയതിൽ സന്തുഷ്ടിയും തോന്നി.നല്ല പോരാളിയെന്നാൽ ഏതു സമയത്താണ് വിരമിക്കേണ്ടതെന്ന് നന്നായി അറിയുന്ന ആളാണ്.അദ്ദേഹം അങ്ങനെയുള്ള ഒരാളായിരുന്നു.ഒന്നാമൻ.വിട..അച്ഛാ..

ടൈനി നായരുടെ അച്ഛൻ തിരുവനന്തപുരം പൂജപ്പുര ചെങ്കള്ളൂർ ആകാശ് ദീപിൽ എം.ശങ്കരൻ നായർ (93) കഴിഞ്ഞ ആഴ്ചയാണ് വിടപറ‌ഞ്ഞത്.പരേതയായ സാധനാ നായരാണ് ഭാര്യ. അച്ഛന്റെ വേർപാട് സൃഷ്ടിച്ച വേദനയും ശൂന്യതയും ഡോ.ടൈനി നായരുടെ വരികളിൽ പ്രകടമാകുന്നു. മുമ്പൊരു കവി പാടിയതുപോലെ അമ്മയും അച്ഛനുമില്ലാത്തവർക്കേതു വീട്? ഇല്ല വീട്; എങ്ങെങ്ങുമേ വീട്?