rafel

ന്യൂഡൽഹി: മോദി സർക്കാർ ഒപ്പിട്ട റാഫേൽ കരാറിൽ വിമാനങ്ങളുടെ വിലയിൽ യു.പി.എ സർക്കാരിന്റെ കരാറിലേതിനെക്കാൾ 2.8 ശതമാനം വിലക്കുറവുണ്ടെന്ന് കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ഇന്നലെ രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിമാനങ്ങളുടെ അടിസ്ഥാന വിലയിലാണ് ഈ കുറവ്.

മറ്റു യുദ്ധ വിമാനങ്ങളുടെ വില താരതമ്യം ചെയ്താണ് വിലയിലെ ഈ അന്തരം സി.എ.ജി കണക്കാക്കിയത്. എന്നാൽ റാഫേൽ വിമാനത്തിന്റെ അന്തിമ വിലയുടെ വിവരങ്ങളൊന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല.

സി.എ.ജി റിപ്പോർട്ട് ബി.ജെ.പിക്ക് താത്കാലിക ആശ്വാസമാണ്. അതേസമയം,​ യു.പി.എ കരാറിനെക്കാൾ ഒമ്പത് ശതമാനം കുറച്ചാണ് പുതിയ കരാർ ഒപ്പിട്ടതെന്നാണ് കേന്ദ്ര സർക്കാർ നേരത്തേ അവകാശപ്പെട്ടിരുന്നത്.

സി.എ.ജി റിപ്പോർട്ടിൽ 36 പേജുകളിലാണ് 63,000 കോടി രൂപയുടെ റാഫേൽ കരാർ വിലയിരുത്തുന്നത്. 126 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ സർക്കാരിന്റെ കരാറിൽ നിന്ന് 36 വിമാനങ്ങൾ വാങ്ങാനുള്ള പുതിയ കരാറിന് വലിയ അന്തരമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് കരാറിലും വിമാനത്തിന്റെ അടിസ്ഥാന വിലയിൽ മാറ്റമില്ല. എന്നാൽ ഇന്ത്യയുടെ മാത്രം പ്രതിരോധ ആവശ്യങ്ങൾക്കായി വിമാനത്തിൽ 13 അധിക സാങ്കേതിക മികവുകൾ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കരാർ തുകയിൽ നല്ലൊരു പങ്കും ഈ സാങ്കേതിക മികവുകൾക്കാണ്. ഈ മികവുകൾക്ക് യു.പി.എ സർക്കാരിന്റെ 126 വിമാനങ്ങളുടെ കരാറിനെക്കാൾ 17.08 ശതമാനം തുക പുതിയ കരാറിൽ ലാഭിച്ചു. യു.പി.എ സർക്കാരിന്റെ കാലത്തെക്കാൾ ഈ സങ്കേതങ്ങൾക്ക് ഇപ്പോൾ വില കുറവാണെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.

യു.പി.എയുടെ 126 വിമാനങ്ങൾക്കുള്ള കരാർ റദ്ദാക്കാൻ 2015 മാർച്ചിൽ പ്രതിരോധമന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തിരുന്നുവെന്ന വിവാദ പരാമർശവും റിപ്പോർട്ടിലുണ്ട്. ഏറ്റവും കുറഞ്ഞ ടെൻഡർ നൽകിയത് റാഫേൽ കമ്പനിയായ ദസോ ഏവിയേഷൻ അല്ലെന്നതും മറ്റൊരു കമ്പനിയായ യൂറോപ്യൻ ഏറോ സ്‌പേസ് ടെൻഡർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചില്ല എന്നതുമായിരുന്നു കാരണങ്ങൾ.

ഗുണമേന്മ മാനദണ്ഡങ്ങൾ വ്യോമസേന കൃത്യമായി നിർവചിച്ചില്ലെന്നും ഒരു കമ്പനിയും ടെൻഡർ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.