kerala-flood

ഇടുക്കി: സംസ്ഥാനത്തെ പ്രളയത്തിൽ തകർന്ന വീടുകൾ നന്നാക്കുന്നതിനായി സർക്കാർ സഹായം ലഭിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ വെള്ളത്തൂവൽ പന്ത്രണ്ടാം വാർഡ് മുസ്ലിംപള്ളിപ്പടിക്ക് സമീപം തണ്ണിക്കോട്ട് ജോസഫാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് വീടിന്റെ ഭിത്തിയിൽ വൃക്ക വിൽക്കാനുണ്ടെന്ന പരസ്യം കരിക്കട്ടകൊണ്ട് ജോസഫ് എഴുതിവച്ചിട്ടുണ്ട്.

ജോസഫിന്റെ വീടിന്റെ ഭിത്തിയിൽ കുറിച്ചതിങ്ങനെ. ''ദുരന്തത്തിൽ മൂന്നു മുറികൾ തകർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിനു പണം ഉണ്ടാക്കാൻ വൃക്ക വിൽപനയ്‌ക്ക്.'' അപകടനിലയിലായ വീട്ടിലെ ശേഷിക്കുന്ന ഒരു മുറിയിലാണു ജോസഫും ഭാര്യ ആലീസും കഴിയുന്നത്. 2 മുറികൾ വാടകയ്ക്കു കൊടുക്കുന്നതായിരുന്നു ഇവരുടെ വരുമാനമാർഗം. കളക്ടറേറ്റിലും പഞ്ചായത്തിലും ചെന്നെങ്കിലും സഹായം ലഭിച്ചില്ല. കൈക്കൂലി കൊടുക്കാത്തതിനാൽ സഹായം കിട്ടിയില്ലെന്നാണു ജോസഫിന്റെ പരാതി.