mammootty-

പേരൻപിലെ അമുദനിലൂടെയും,​ വൈ.എസ്.ആർ എന്ന ആന്ധ്ര മുൻമുഖ്യമന്ത്രിയുടെ ജീവിതം പറയുന്ന യാത്ര എന്ന ചിത്രത്തിലൂടെയും വീണ്ടും ജനമനസ് കീഴടക്കുകയാണ് മമ്മൂട്ടി എന്ന മെഗാതാരം. മമ്മൂട്ടി എന്ന താരത്തെക്കുറിച്ച് പറയുമ്പോൾ മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനയുടെയും സ്നേഹബന്ധത്തിന്റെയും കഥയാണ് തിരുവനന്തപുരം സ്വദേശിയായ ഭാസ്ക്കറിന് പറയാനുള്ളത്.

മമ്മൂട്ടി​യെക്കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്ന ഭാസ്കറിനെ മമ്മൂട്ടിയുടെ ഗൂഗിൾ എന്നും എൻസൈക്ലോപീഡിയ എന്നും സുഹൃത്തുക്കൾ വിളിക്കുന്നത് വെറുതെയല്ല. അതുകൊണ്ടു തന്നെയാണ്

ചൊവ്വാഴ്ച ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തെത്തിയ മമ്മൂട്ടി പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഭാസ്കറിന്റെ ‘ജ്യൂസ് വേൾഡ്’ സന്ദർശിച്ചത്.

1989ൽ ഒരു വടക്കൻ വീരഗാഥ’യുടെ കാലത്താണ് ഭാസ്ക്കർ മമ്മൂട്ടിയെ ആദ്യം കാണുന്നത്.

“ അന്നൊക്കെ തിരുവനന്തപുരത്തെ തിയേറ്ററുകളിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് ഭയങ്കര കൂവലും ബഹളവുമൊക്കെയായിരുന്നു. മോഹൻലാലിനായിരുന്നു തിരുവനന്തപുരത്ത് അന്ന് പിന്തുണ കിട്ടിയിരുന്നത്. മമ്മൂക്കയുടെ അഭിനയം ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ആയിരുന്നു ഞാൻ. തിയേറ്ററിലെ ഈ കൂവലും ബഹളവുമൊക്കെ കണ്ടപ്പോഴാണ് മമ്മൂട്ടിയ്ക്കും തിരുവനന്തപുരത്ത് ആരാധകരുണ്ടാകണം എന്ന് എനിക്ക് തോന്നിയത്. അങ്ങനെ സുഹൃത്ത് അശോകനുമായി പ്ലാൻ ചെയ്ത് കുറേപ്പേരെ കൂട്ടി ഞങ്ങളൊരു ഫാൻസ് കൂട്ടായ്മ ഉണ്ടാക്കി.

ആ വർഷം ഏപ്രിൽ 14 നായിരുന്നു ‘വടക്കൻ വീരഗാഥ’യുടെ റിലീസ്. മൂന്നു മീറ്റർ നീളമുള്ള ഒരു ബാനർ ചിത്രം റിലീസ് ചെയ്ത കൃപ തിയേറ്ററിൽ കെട്ടികൊണ്ടാണ് ഞങ്ങൾ തുടങ്ങിയത്. പിന്നീട് ചിത്രത്തിന്റെ നൂറാം ദിവസവും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഞങ്ങൾ​ ആഘോഷിച്ചു.” ഭാസ്കർ പറഞ്ഞു.

എന്നാൽ ഫാൻസ് അസോസിയെഷന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. ഡാൻസർ തമ്പിയാണ് മമ്മൂക്കയെ പരിചയപ്പെടാൻ അവസരമൊരുക്കിയതെന്നും ഭാസ്കർ ഓ‍ർക്കുന്നു. കാർണിവൽ,​ അർത്ഥം എന്നീ ചിത്രങ്ങൾ അടുപ്പിച്ച് റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ പടങ്ങൾ അടുപ്പിച്ച് വേണ്ടെന്നും മാറ്റിയാൽ കൊള്ളാം എന്നൊക്കെ ഞങ്ങൾ പറഞ്ഞു. പക്ഷേ​ റിലീസ് എല്ലാം ഫിക്സ് ചെയ്തതു കൊണ്ട് മാറ്റാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് ബന്ധം തുടങ്ങുന്നത്. പിന്നെ ഫോൺ വിളിയായി. ഫാൻസ് ആണ്,​ ഭാസ്ക്കർ ആണെന്ന് പറഞ്ഞാണ് ഞാൻ ഫോണിൽ വിളിക്കുക. പിന്നീട് മമ്മൂക്ക പറഞ്ഞു. ‘ഫാൻസ് ആണെന്ന് പറയേണ്ട, ഭാസ്ക്കർ എന്നു പറഞ്ഞാൽ മതിയെന്ന്.’ഭാസ്ക്കർ പറഞ്ഞു.

“കട തുടങ്ങുന്ന സമയത്ത് ഞാൻ വീട്ടിൽ പോയി മമ്മൂട്ടിയെ ക്ഷണിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല, തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും വരാം എന്ന് വാക്ക് പറഞ്ഞിരുന്നു,” ജ്യൂസ് കടയിലേക്കുള്ള മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച് ഭാസ്ക്കർ പറയുന്നു. ഭാസ്കറിനോടും കുടുംബത്തിനോടും സംസാരിച്ചതിനു ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

16 വർഷം മുൻപ് തനിക്കുവേണ്ടി മമ്മൂട്ടി ഒരു സ്കൂട്ടർ ഉദ്ഘാടനം ചെയ്ത കാര്യവും ഭാസ്കർ ചിരിയോടെ ഓർ‌ക്കുന്നു.

അക്കാലത്ത് റിലീസിനെത്തുന്ന ചിത്രങ്ങളുടെ കൃത്യമായ ഫീഡ്ബാക്ക് മമ്മൂട്ടിയെ അറിയിച്ചു കൊടുക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഭാസ്ക്കർ. മമ്മൂക്കയെ കാണാൻ പലവട്ടം മദ്രാസിലെ വീട്ടിലും ‘ദളപതി’ റിലീസ് കാലത്ത് ആദ്യഷോ കാണാൻ നാഗർകോവിലിലുമൊക്കെ ഭാസ്കർ പോയിട്ടുണ്ട്. മമ്മൂട്ടി സിനിമകൾ കാണണമെന്ന ഭാസ്ക്കറിന്റെ ആഗ്രഹമായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.

“എന്റെ വിവാഹത്തിനും മമ്മൂക്ക വന്നിരുന്നു,” ഭാസ്ക്കർ ഓർക്കുന്നു.

ഇന്നും മമ്മൂട്ടിയുടെ ഓരോ ദിവസത്തെ പരിപാടികളും വിശേഷങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയാണ് ഭാസ്ക്കർ.