മന്ദ്‌സൗർ: നരേന്ദ്രമോദിയുടെ ട്വീറ്റുകൾ ലൈക്ക് ചെയ്യുന്ന ശ്രീലങ്കക്കാരി ഹൻസിനിയെ മദ്ധ്യപ്രദേശുകാരൻ ഗോവിന്ദ് മഹേശ്വരി നേരത്തേ ശ്രദ്ധിച്ചിരുന്നു. ട്വീറ്റുകളോടുള്ള ഇഷ്ടം പിന്നീട് പരസ്പരം ആയി. ഒടുവിൽ ഫെബ്രുവരി 10ന് ഹൻസിനി എതിരിസിംഗേയുടെ കഴുത്തിൽ ഗോവിന്ദ് മഹേശ്വരി താലിചാർത്തി.
പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ ഗോവിന്ദ് സ്ഥിരമായി ലൈക്ക് ചെയ്തിരുന്നു. 2015ൽ ഹൻസിനിയും അതേ ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ഗോവിന്ദ് ഒരു കൗതുകത്തിനാണ് ട്വിറ്ററിൽ ഹൻസിനിയെ ഫോളോ ചെയ്തത്.
അധികം വൈകാതെ ഇരുവരും സുഹൃത്തുക്കളായി. ടെക്‌സ്റ്റുകളും വീഡിയോ കാളുമായി രണ്ട് വർഷത്തോളം പ്രണയിച്ചു. 2017ൽ ആദ്യമായി കണ്ടു.
ഇന്ത്യൻ സംസ്‌കാരത്തെ അടുത്തറിയാൻ മാതാപിതാക്കളുടെ അനുവാദം വാങ്ങി ഹൻസിനി ഇന്ത്യയിൽ ഫിസിയോതെറാപ്പി കോഴ്‌സിന് ചേർന്നു. ആ സമയം ഗോവിന്ദ് എൻജിനിയറിംഗ് ബിരുദപഠനം പൂർത്തിയാക്കി. വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നുള്ളവരാണെങ്കിലും വിട്ടുവീഴ്ചയ്ക്ക് തങ്ങൾ തയ്യാറാണെന്ന് ഹൻസിനി പറയുന്നു.
ഗോവിന്ദുമായുള്ള പ്രണയമറിഞ്ഞ ഹൻസിനിയുടെ മാതാപിതാക്കൾ ഇയാളെ ശ്രീലങ്കയിലേക്ക് വിളിപ്പിക്കുകയും കുറച്ചു ദിവസം അവിടെ താമസിപ്പിക്കുകയും ചെയ്തു. ഗോവിന്ദിന്റെ സ്വഭാവവും പെരുമാറ്റവും ഇഷ്ടമായതോടെ വിവാഹത്തിന് അനുമതിയും നൽകി. ഒടുവിൽ ബുദ്ധമത വിശ്വാസികളായ ഹൻസിനിയുടെ കുടുംബവും ഗോവിന്ദിന്റെ കുടുംബവും വൈജാത്യങ്ങൾ മറന്ന് ഒന്നായി.