ബംഗളുരു: ആഴ്ചകളായി 'ഒളിച്ചു കഴിയുന്ന" കോൺഗ്രസിന്റെ നാല് വിമത എം.എൽ.എമാർ ഇന്നലെ കർണാടകയിൽ തിരിച്ചെത്തി. രമേഷ് ജർക്കിഹോളി, ഉമേഷ് ജാദവ്, ബി.നാഗേന്ദ്ര, മഹേഷ് കുമതലി എന്നിവരാണ് ഇന്നലെ മടങ്ങിയെത്തിയത്. ആഴ്ചകളായി കാണാനില്ലാതിരുന്ന ഇവർക്ക് സഭയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ തുടർന്ന് അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചിരുന്നു. ത്രിശങ്കുവിലായിരുന്ന കോൺഗ്രസ്- ജെ.ഡി.എസ് സഖ്യസർക്കാരിന് ആശ്വാസമെന്നോണം ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിലും നാലുപേരും പങ്കെടുത്തു. എം.എൽ.എമാർ ബി.ജെ.പിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും കോഴ വാഗ്‌‌ദ്ധാനം ചെയ്ത് ഇവരെ പാട്ടിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ തങ്ങൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഹൈക്കമാൻഡിന്റെ തീരുമാനങ്ങളെ മറികടന്നിട്ടില്ലെന്നും തിരിച്ചെത്തിയ ജർക്കിഹോളി വ്യക്തമാക്കി. ഫെബ്രുവരി 24ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായാണ് മുംബയിലെത്തിയതെന്നും ജർക്കിഹോളി വ്യക്തമാക്കി. അയോഗ്യരാക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെങ്കിൽ അതിന് തയ്യാറാണെന്നും നേരത്തേ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും ജർക്കിഹോളി പറഞ്ഞു.

എന്നാൽ ബി.ജെ.പിയോടുള്ള മൃദു സമീപനവും ജർക്കിഹോളി സൂചിപ്പിച്ചു. ബി.ജെ.പി നേതാക്കൾ തന്റെ ശത്രുക്കളല്ലെന്നും തന്റെ നിരവധി സുഹൃത്തുക്കൾ ബി.ജെ.പിയിലുണ്ടെന്നും പ്രത്യയശാസ്ത്രപരമായി മാത്രമാണ് ഇവരിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്നും ജർക്കിഹോളി വ്യക്തമാക്കി.

ജനുവരി 18 നും ഫെബ്രുവരി 8 നും നടന്ന കോൺഗ്രസ് പ്രവർത്തക സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ഇവർക്ക് രണ്ടു തവണ വിപ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് പാർട്ടി സമ്മർദ്ദത്തിലായിരുന്നു.

ഡിസംബർ 22ന് നടന്ന കാബിനറ്റ് അഴിച്ചുപണിയിൽ അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് എം.എൽ.എമാർ നേതൃത്വത്തോട് പിണങ്ങിയത്.

ഞങ്ങൾ നാലുപേരും ഒരുമിച്ചാണ്

-ബി.നാഗേന്ദ്ര

പേടികൊണ്ടല്ല തിരികെ വന്നത്

- ഉമേഷ് ജാദവ്