sadar-patel-

അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്ചു ഒഫ് യൂണിറ്റി കാണാൻ ഇതുവരെയെത്തിയത് ലക്ഷക്കണക്കിന് സഞ്ചാരികളാണെന്ന് സർക്കാർ കണക്ക്. പട്ടേൽ പ്രതിമ കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരിയാണ്. കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 7.81 ലക്ഷം പേരാണ് പ്രതിമ കാണാനെത്തിയത്. ബി.ജെ.പി പാർലമെന്റ് അംഗം വരുൺ ഗാന്ധിയുടെ ചോദ്യത്തിന് ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എഴുതി നൽകിയ മറുപടിയിലാക്ക് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏകദേശം 19.47 കോടി രൂപയാണ് വരുമാനമായി സർക്കാറിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമ ഉദ്ഘാടനം ചെയ്ത് മൂന്നു മാസത്തിനുള്ളിൽ ഇത്രയും വരുമാനം ലഭിച്ചത് വലിയ നേട്ടമാണെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. മേഖലയിലെ ടൂറിസം വികസനത്തിന് വേണ്ടി കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ചിൽഡ്രൻസ് പാർക്ക്,​ അമ്യൂസ്‌മെ‌ന്റ് പാർക്ക്,​ ഇക്കോ ടൂറിസം പാർക്ക് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നർമ്മദാ നദിയിലെ സാധു തടത്തിൽ നിർമ്മിച്ച കൃത്രിമ ദ്വീപിൽ 130 ഹെക്ടർ പ്രദേശത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. 250 മീറ്റർ നീളത്തിൽ പാലവും നിർമ്മിച്ചിട്ടുണ്ട്. 2014 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 46 മാസം കൊണ്ടാണ് പൂർത്തിയാവുന്നത്. 3,400 തൊഴിലാളികളും 250 എൻജിനിയർമാരും നാലുവർഷത്തോളം രാപ്പകലില്ലാതെ നടത്തിയ അദ്ധ്വാനത്തിന്റെ ഫലമാണ് പ്രതിമ.