മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയിൽ വിവേക് ഒബ്രോയിയാണ് മോദിയായി എത്തുന്നത്. ചിത്രത്തിന്റെ വാർത്തകൾ പുറത്തുവന്നതു മുതൽക്കുതന്നെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ വേഷം ആരാണ് അവതരിപ്പിക്കുന്നത് എന്നത് ബി.ജെ.പി പ്രവർത്തകർക്കിടയിൽ തന്നെ ചർച്ചയായിരുന്നു. അന്നാൽ ആ സംശയത്തിന് അവസാനമായി, നടൻ മനോജ് ജോഷിയായിരിക്കും അമിത് ഷായുടെ വേഷം അവതരിപ്പിക്കുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
‘വളരെയധികം സന്തോഷമുണ്ട്. സന്ദീപ് സിംഗ് എന്നെ വിളിച്ച് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ തയ്യാറാണെന്ന് പറഞ്ഞു. ഞാൻ ചെയ്യുന്നതിൽ ഏറ്റവും നല്ലൊരു കഥാപാത്രമായി ഇത് മാറും,’ ജോഷി വ്യക്തമാക്കി. സിനിമകളിലും നിരവധി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിൽ യശോദ ബെന്നായി പ്രശസ്ത ടി.വി സീരിയൽതാരം ബർക്ക ബിഷ്ട് ആണ് വേഷമിടുന്നത് . ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ മുഴുവൻ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും. ബോമാൻ ഇറാനി, സെറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ തുടങ്ങി ബോളിവുഡിലെ വമ്പൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകും.
മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഏഴിന് പുറത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു.