surendran
K.SURENDRAN

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷ പുലർത്തുന്ന ഒൻപതു മണ്ഡലങ്ങളിൽ സാദ്ധ്യതാ പാനലിൽ ഏറ്റവും കൂടുതൽ സ്ഥലത്തു പറഞ്ഞു കേൾക്കുന്ന പേര് ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റേതാണ്. ശബരിമല വിവാദത്തിനിടെ അയ്യപ്പദർശനത്തിനു പുറപ്പെട്ട് ജയിൽവാസം അനുഷ്‌ഠിക്കേണ്ടിവന്ന സുരേന്ദ്രനെ ഉപയോഗിച്ച് പരമാവധി വിശ്വാസിവോട്ടുകൾ ഉറപ്പിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടലെന്ന് വ്യക്തം.

തിരുവനന്തപുരത്തിന്റെ കാര്യത്തിൽ,​ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വോട്ടുകൾക്കൊപ്പം,​ ശബരിമല വിഷയത്തിൽ പ്രതീക്ഷിക്കുന്ന വിശ്വാസി വോട്ടുകൾ കൂടി ചേർത്താൽ ശശി തരൂരിനെ പിടിച്ചുകെട്ടാൻ കെ. സുരേന്ദ്രനെപ്പോലെ മറ്റൊരാളില്ലെന്നാണ് കരുതുന്നത്. അതേസമയം,​ തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പുറമേ കെ. സുരേന്ദ്രന്റെ പേര് തൃശൂരിലും കോഴിക്കോട്ടും കാസർകോട്ടും സാദ്ധ്യതാ പട്ടികയിൽ പ്രചരിക്കുന്നു.

നടനും എം.പിയുമായ സുരേഷ് ഗോപിയുടെ പേര് തിരുവനന്തപുരത്തിനു പുറമേ കൊല്ലത്തും പറയുന്നുണ്ടെങ്കിലും ​ ബി.ഡി.ജെ.എസിനു നൽകുന്ന സീറ്റുകളിലൊന്ന് കൊല്ലം ആകാനിടയുള്ളതുകൊണ്ട് ഇതിനു സാദ്ധ്യത വിരളം. സംവരണ മണ്ഡലങ്ങളായ മാവേലിക്കരയിലും ആലത്തൂരും ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബുവിന്റെ പേര് സജീവമാണ്. ഈ സീറ്റുകൾ ബി.ജെ.പി ഏറ്റെടുത്താൽ മാവേലിക്കരയിൽ പി. സുധീർ,​ ആലത്തൂരിൽ പട്ടികജാതി മോർച്ച അഖിലേന്ത്യാ സെക്രട്ടറി ഷാജുമോൻ വട്ടേക്കാട് എന്നിവരിലാരെങ്കിലും വന്നേക്കാം.

ആറ്റിങ്ങലിൽ മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെ പേരിനൊപ്പം ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. കാസർകോട്ടും കൃഷ്ണദാസിന്റെ പേരുൾപ്പെടുത്തിയതായാണ് വിവരം. സി.കെ. പത്മനാഭന്റെ പേര് കൊല്ലത്തും കാസർകോട്ടുമുണ്ട്.

തിരുവനന്തപുരത്ത് പാർട്ടിക്ക് അനഭിമതനായി പുറത്തു നിൽക്കുന്ന പി.പി. മുകുന്ദൻ,​ താൻ ഔദ്യോഗിക സ്ഥാനാർത്ഥിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിനോട് നേതൃത്വം ഇതുവരെ പ്രചരിച്ചിട്ടില്ല. സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പല സംഘടനകളും തന്നെ സമീപിച്ചതായാണ് മുകുന്ദൻ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിക്കൊപ്പം മുകുന്ദൻ ചില ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയാൽ തലസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷയ്‌ക്ക് തിളക്കം കുറയും.