ലക്നൗ: പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ഉത്തർപ്രദേശിൽ ആദ്യ സഖ്യത്തെ കോൺഗ്രസ് പ്രഖ്യാപിച്ചു. യു.പിയിലെ പ്രാദേശിക പാർട്ടിയായ മഹാൻ ദളുമായി കൈകോർക്കുമെന്ന് ഇന്നലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പടിഞ്ഞാറൻ യു.പിയിൽ സ്വാധീനമുള്ള പിന്നാക്കക്കാരുടെ പാർട്ടിയാണ് മഹാൻ ദൾ.

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി പ്രിയങ്കാഗാന്ധി മണിക്കൂറുകളോളം ചർച്ച നടത്തി. മറ്റൊരു ജനറൽ സെക്രട്ടിയായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമാണ് പത്ത് ലോക്‌സഭാ മണ്ഡലങ്ങളിലെ നേതാക്കളുമായി അവർ കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ കൂടിക്കാഴ്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ഓരോ മണ്ഡലത്തിനു വേണ്ടിയും ഒരു മണിക്കൂറിലേറെ സമയം മാറ്റിവച്ചു. 16 മണിക്കൂറാണ് പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പ്രിയങ്ക മാറ്രിവച്ചത്.