പുതുച്ചേരി: പുതുച്ചേരി ലഫ്ടനന്റ് ഗവർണർ കിരൺ ബേദിയും മുഖ്യമന്ത്രി വി.നായാണ സ്വാമിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കിരൺബേദിക്കെതിരെ സമരം പ്രഖ്യാപിച്ച് വി.നാരായണസ്വാമി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിമാരും എ.എൽ.എമാരും ഗവർണറുടെ വസതിയായ രാജ് നിവാസിന് മുന്നിൽ ധർണ നടത്തുകയാണ്. ഗവർണർ ഭരണഘടനാ ലംഘനം നടത്തുന്നുവെന്നാരാപിച്ചാണ് ധർണ.
പ്രതിഷേധ സൂചകമായി കറുത്ത ഷർട്ടും മുണ്ടും ധരിച്ചാണ് നാരായണ സ്വാമി ധർണയിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ അകാരണമായി ഇടപെടുകയാണെന്ന് നാരായണ സ്വാമി ആരോപിച്ചു. റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി, പൊങ്കൽ ബോണസ് തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് ഗവർണർ തടസം നിൽക്കുന്നതായി നാരായണ സ്വാമി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 39 ഇന ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് ഗവർണർ ഇതുവരെ മറുപടി നൽകിയില്ല. തുടർന്നാണ് സമരത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.