കോട്ടയം: വാടക വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ കോട്ടയത്ത് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കാസർകോട് സ്വദേശിയായ ചെറിയാലംപാടിയിലെ സുനൈഫിനെ (18)യാണ് എക്സെെസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നുമാസക്കാലമായി ഈ വാടകവീട്ടിലാണ് സുനെെഫ് താമസിക്കുന്നത്. നഗരത്തിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവാവ് വേളൂർ ദേവസ്യാപ്പടി ഭാഗത്തെ വീട്ടിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.
സ്വന്തം ആവശ്യത്തിന് പുറമെ വിൽക്കാനാണ് കഞ്ചാവി കൃഷി നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ടെറസിൽ നിന്നും 20 മുതൽ 65 സെന്റിമീറ്റർ വരെയുള്ള 11 കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജറാക്കിയ സുനൈഫിനെ റിമാൻഡ് ചെയ്തു.