ഒരുകിലോ മരച്ചിനി അഥവാ കപ്പയ്ക്ക് എന്തു വിലവരും. 25 രൂപ മുതൽ 30 വരെയന്നായിരിക്കും മറുപടി. എന്നാൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ ഇന്ത്യയിൽ കപ്പയുടെ ഇന്നത്തെ വില 429 രൂപ. അതും വിലക്കിഴിവിൽ. 499 രൂപയുടെ കപ്പയാണ് 14 ശതമാനം ഡിസ്കൗണ്ടിൽ 70 രൂപ കുറച്ച് 429യ്ക്ക് വിൽക്കുന്നത്. 489 രൂപയുടെ കപ്പ 18 ശതമാനം വിലക്കുറവിൽ 399 രൂപയ്ക്കും ലഭിക്കും. ഇതിനു പുറമെ 49 രൂപ ഷിപ്പിംഗ് ചാർജ്ജും ഇവർ ഈടാക്കുന്നുണ്ട്. മാർക്കറ്റിൽ ഇന്നത്തെ കപ്പയുടെ ഏറ്റവും കൂടിയ വില കിലോയ്ക്ക് വെറും 30 രൂപ ആയിരിക്കെയാണ് ഓൺലൈൻ സൈറ്റിലെ ഈ കൊള്ള.
തിരുവനന്തപുരം നഗരത്തിലെ ചില്ലറവില്പന വിലയാണ് 30 രൂപ. കപ്പ കർഷകർ നേരിട്ട് വിൽക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്കായിരിക്കും. Hishopie Natural എന്ന പേരിലാണ് ഈ ഓൺലൈൻ വിപണന സ്ഥാപനം ആമസോണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംഗ് ഉണ്ടെന്നതാണ് ഇതിലെ ആകർഷണീയത. കപ്പക്കിഴങ്ങ് കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലെയും മലയാളികളുടെ ലക്ഷ്യമിട്ടാണ് കച്ചവടം. ഈ ' സ്വർണകപ്പ' എത്രപേർ വാങ്ങിയെന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.