gulf-

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും അകമഴിഞ്ഞ പിന്തുണയുമായി യു.എ.ഇ. കേരളത്തിന്റെ പുനർനിർമ്മാണത്തിന് സംഭാവനകൾ നൽകാൻ തയ്യാറാണെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. മു‌ഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ ഉപപ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളവും യു.എ.ഇയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം പ്രത്യേകം എടുത്തുപറഞ്ഞതായും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തിൽ നടക്കുന്ന പുനർ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. തുടർന്നാണ് ഷെയ്ഖ് മൻസൂർ കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറാണെന്ന് അറിയിച്ചത്. തന്റെ കുടുംബവും കേരളവും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൃഷി, ആരോഗ്യം, ഊർജ്ജം, ടൂറിസം എന്നീ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും ഷെയ്ഖ് മൻസൂർ പറഞ്ഞു. കേരളത്തിന്റെ വികസനമെന്നത് യു.എ.ഇയുടെ വികസനം പോലെയാണ് ഞങ്ങൾ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യു.എ.ഇക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയിൽ കേരളം കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഷെയ്ക് മൻസൂറിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു.