ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയെ പരാജയപ്പെടു
ത്താൻ പൊതുമിനിമം പരിപാടിയുമായി പ്രതിപക്ഷം. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും ബുധനാഴ്ച രാത്രി എൻ.സി.പി നേതാവ് ശരദ് പവാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
ആദ്യമായാണ് കോൺഗ്രസിനൊപ്പം പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ കെജ്രിവാൾ പങ്കെടുക്കുന്നത്.
മോദി സർക്കാരിനെ പുറത്താക്കാൻ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് പോരാടുമെന്ന് പിന്നീട് രാഹുൽ ഗാന്ധി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ച ക്രിയാത്മകമായിരുന്നുവെന്നും പ്രതിപക്ഷം ഒരുമിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യമുണ്ടാക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പറഞ്ഞു. തെലുങ്കുദേശം നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും യോഗത്തിൽ പങ്കെടുത്തു.