തിരുവനന്തപുരം: 'അമ്മേ നാരായണ ദേവീ നാരായണ'-ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും ക്ഷേത്രപരിസരമാകെ ദേവീമന്ത്രങ്ങൾ മുഴകി. ശ്രീകോവിലിനുപുറത്ത് ഇമവെട്ടാതെ കൂപ്പുകൈകളോടെ നിൽക്കുന്ന ഭക്തരുടെ നീണ്ട നിരതന്നെയുണ്ട്. താത്കാലികമായി കെട്ടിയ ബാരിക്കേഡും കടന്ന് ഭക്തരുടെ നിര നീണ്ടതോടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരും കാഴ്ചക്കാരായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ദീപാരാധന തൊഴാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്.
വൈകിട്ട് നട തുറന്നപ്പോഴും ദേവിയെ കണ്ട് ദർശന സായൂജ്യമടയാൻ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഭക്തരുടെ വൻതിരക്കായിരുന്നു. ചൊവ്വാഴ്ച രാത്രി ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തിയതോടെയാണ് ആറ്റുകാൽ ഉത്സവത്തിന് തുടക്കം കുറിച്ചത്. കാപ്പുകെട്ടിനൊപ്പം ആരംഭിച്ച തോറ്റംപാട്ടിൽ ഇന്നലെ ദേവിയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളെ കുറിച്ചാണ് പാടിയത്. ഇന്ന് കോവലനെ വിവാഹം ചെയ്യുന്ന ഭാഗമായിരിക്കും.
എങ്ങോട്ട് തിരിഞ്ഞാലും തൊഴുകൈകളോടെ ദേവിയെ സ്തുതിക്കുന്ന ഭക്തരെ മാത്രമാണ് കാണാനാകുക. ക്ഷേത്രത്തിലേക്കുള്ള വഴികളിലും സ്ത്രീ ഭക്തർ തമ്പടിച്ചിരിക്കുന്നു. ക്ഷേത്രത്തിന് മുന്നിലെ നാരങ്ങ വിളക്ക് തെളിക്കുന്നതിനും ഭക്തർ തിക്കിത്തിരക്കി. ക്ഷേത്രത്തിനുള്ളിലെ പന്തലിന് സമീപത്ത് തന്നെയുള്ള കടകളിൽ നാരങ്ങ വിളക്കിന് വേണ്ട സാധനങ്ങൾ അധികൃതർ ലഭ്യമാക്കുന്നുണ്ട്.
ക്ഷേത്രപരിസരവും സജ്ജം
പൊങ്കാലയോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴി മുഴുവൻ ഇന്റർലോക്ക് പാകി മോടി പിടിപ്പിച്ചു. ഭക്തർക്ക് ഏത് ആവശ്യത്തിനും സഹായത്തിനായി പൊലീസ് കൺട്രോൾ റൂം, കളക്ടറുടെ കൺട്രോൾ റൂം, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂം, നഗരസഭയുടെ സേവന കേന്ദ്രം എന്നിവ പ്രവർത്തിച്ചു തുടങ്ങി. ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സഹായവുമായി വനിതാ പൊലീസ് ഗാർഡുമാരുമുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും കുടിവെള്ളവും അധികൃതർ നൽകുന്നുണ്ട്.
തോറ്റംപാട്ടിൽ ദേവീചരിതം പാടി മധു ആശാൻ
ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിന് പിന്നാലെ ആറ്റുകാൽ ക്ഷേത്രത്തിൽ തോറ്റംപാട്ടും ആരംഭിച്ചു. ക്ഷേത്ര നടയ്ക്ക് മുന്നിൽ ഓലകൊണ്ട് മേഞ്ഞുണ്ടാക്കിയ കുടിലിലാണ് തോറ്റംപാട്ട്. കൊഞ്ചിറവിള സ്വദേശിയായ മധു ആശാൻ എന്നറിയപ്പെടുന്ന മധുവാണ് തോറ്റംപാട്ടിന് നേതൃത്വം നൽകുന്നത്. 1992 വരെ മധു ആശാന്റെ അച്ഛൻ ഗോവിന്ദൻ ആശാനായിരുന്നു ആറ്റുകാലിൽ തോറ്റംപാട്ട് പാടിയിരുന്നത്. അച്ഛന്റെ മരണശേഷം മധു ആശാൻ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മധു ആശാന്റെ മക്കളായ മഹേഷ്, ഉമേഷ്, തിരുവനന്തപുരം സ്വദേശികളായ മനോഹരൻ, സുനീഷ്, അജി എന്നിവരും ഒപ്പമുണ്ട്.
കുത്തിയോട്ട വ്രതം ഇന്ന്
ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ട വ്രതം ഇന്ന് രാവിലെ 8.15ന് ആരംഭിക്കും. പൊങ്കാല കഴിഞ്ഞാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനായി 815 ബാലന്മാരാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്. ഏഴാം ദിവസം വ്രതക്കാരെ കിരീടംവച്ച് അണിയിച്ചൊരുക്കി ദേവിയുടെ മുന്നിൽവച്ച് ചൂരൽ കുത്തും. പിന്നീട് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ചശേഷം തിരികെവന്ന് ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ടവ്രതം അവസാനിക്കും.
പ്രതീക്ഷയുടെ പൊങ്കാലക്കാലം
മൺകലങ്ങൾ നിർമ്മിച്ച് വിൽക്കുന്ന പാപ്പനംകോട് പാമാംകോട് സ്വദേശി വിജയകുമാറിനെ പോലുള്ളവർക്ക് പ്രതീക്ഷയുടെ ഉത്സവം കൂടിയാണ് പൊങ്കാല. പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യവും പട്ടിണിയും കാരണം നാലാം ക്ലാസിൽ പഠനം നിറുത്തിയ വിജയകുമാർ അന്ന് മുതൽ അച്ഛനൊപ്പം കളിമൺ പാത്ര നിർമ്മാണത്തിൽ പങ്കുചേർന്നു. അനാരോഗ്യം കാരണം ജോലി തുടരാനാകാതെ വന്നതോടെ കുടുംബം പുലർത്താൻ വിജയകുമാർ കുലത്തൊഴിൽ തന്നെ ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ അച്ഛന് 90 വയസുണ്ട്.
ഐരാണിമുട്ടം ഹോമിയോ ആശുപത്രിക്ക് സമീപത്താണ് വിജയകുമാറിന്റെ മൺപാത്രക്കച്ചവടം. ദേവിക്കുവേണ്ടിയായതിനാൽ പരമാവധി വിലകുറച്ചാണ് മൺകലങ്ങൾ വിൽക്കുന്നതെന്ന് വിജയകുമാർ പറയുന്നു. പൊങ്കാല സീസൺ ആകുമ്പോൾ അമരവിളയിൽ നിന്ന് ഒരുലോഡ് കളിമണ്ണ് കൊണ്ടുവന്നാണ് കലങ്ങൾ നിർമ്മിക്കുന്നത്. ഇതിനായി ബാങ്കിൽ നിന്ന് വായ്പ എടുക്കും. ഭാര്യ മോളിയും സഹായത്തിനുണ്ട്.
ബിരുദധാരികളായ അശ്വതി വിജയൻ, ആതിര വിജയൻ എന്നിവരാണ് മക്കൾ.