തിരുവനന്തപുരം: പാഴാക്കിക്കളയുന്ന ഓരോ ഇഷ്ടികയിലും ഒരു ജീവിതമുണ്ട്. കേൾക്കുമ്പോൾ നിസാരമായി തോന്നാമെങ്കിലും വെറുതേ കളയുന്ന ഒരു ഇഷ്ടികകൊണ്ട് നാളെ പടുത്തുയർത്താവുന്നത് ഒരാളുടെ ജീവിതമാണ്. നഗരത്തിന്റെ എട്ടു കിലോമീറ്ററോളം പരിധിയിൽ വിവിധയിടങ്ങളിലായി പതിനായിരക്കണക്കിന് അടുപ്പുകൾ നിരക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു ശേഷം ബാക്കിയാകുന്നത് ലക്ഷക്കണക്കിന് ഇഷ്ടികയാണ്. പൊങ്കാലയ്ക്കു ശേഷം നിരത്തിൽ തള്ളുന്ന ഇൗ ഇഷ്ടികകൾ ഇനി കുറെപ്പേരുടെ വീടെന്ന സ്വപ്നത്തിന് നിറം പകരും.
പൊങ്കാലയ്ക്ക് അടുപ്പുകൂട്ടിയ ഇഷ്ടികകൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു നേരത്തേയുള്ള പതിവ്. ഇത് നീക്കം ചെയ്യുന്നത് കോർപറേഷന് പിടിപ്പത് പണിയുമായിരുന്നു. ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്വന്തം നിലയ്ക്ക് ഇഷ്ടിക എടുത്തു കൊണ്ടു പോകുന്നതും പതിവായിരുന്നു. ഈ രീതിക്ക് മാറ്റമെന്ന നിലയിൽ കഴിഞ്ഞ വർഷമാണ് ആറ്റുകാൽ പൊങ്കാല ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനായി ലഭ്യമാക്കി തുടങ്ങിയത്. കഴിഞ്ഞ വർഷം വിജയമായി മാറിയ പദ്ധതി ഈ വർഷവും തുടരാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്. ഇത്തവണ പൊങ്കാല നിവേദ്യം കഴിഞ്ഞാലുടൻ നഗരസഭയുടെ വാഹനങ്ങളിൽ തൊഴിലാളികൾ അതതു സ്ഥലത്തെത്തി ഇഷ്ടിക ശേഖരിക്കും. വീടുകൾക്ക് ഇഷ്ടിക ആവശ്യമുള്ളവരിൽ നിന്ന് ഇന്നലെ മുതൽ കോർപറേഷനിൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി.
പരമാവധി ഇഷ്ടികകൾ ശേഖരിക്കും
പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകൾ പൊട്ടിപ്പോകാതെ പരമാവധി എണ്ണം വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഇതിനായി നഗരസഭ ശുചീകരണ തൊഴിലാളികളും പൊങ്കാല ഉത്സവത്തിനായി ദിവസക്കൂലിക്ക് നിയമിക്കുന്നവരും സന്നദ്ധ പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും നഗരസഭയോട് സഹകരിക്കും. കഴിഞ്ഞ തവണ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സും, എൻ.എസ്.എസ്. വോളന്റിയർമാരും, ഗ്രീൻ ആർമി പ്രവർത്തകരും, നഗരത്തിലെ ചില സന്നദ്ധ സംഘടനകളും, നഗരസഭയിലെ കരാറുകാരും ചേർന്നാണ് ഇഷ്ടികകൾ ശേഖരിച്ചത്.
കഴിഞ്ഞ വർഷത്തെ പൊങ്കാലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥിയിലെ ഇഷ്ടികകൾ ശേഖരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും മറ്റു പല സ്ഥലങ്ങളിൽ നിന്നും ഇഷ്ടികകൾ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി. ഒന്നര ലക്ഷത്തിലേറെ ഇഷ്ടികയാണ് ഇത്തരത്തിൽ ശേഖരിച്ചത്. ഇത് 13 പേർക്ക് വിതരണം ചെയ്തു. ഇതുപയോഗിച്ചുള്ള വീടു നിർമ്മാണം പൂർത്തിയായി വരികയാണ്. ഇത്തവണ അതിലും കൂടുതൽ പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇഷ്ടിക ശേഖരണം വിപുലമാക്കുകയാണ് ലക്ഷ്യം. എം.ജി റോഡ് അടക്കമുള്ള പ്രധാന പാതകൾക്കു പുറമെ ഇടറോഡുകളിൽ നിന്നും ഇഷ്ടിക ശേഖരിക്കും.
ബ്രിക്സ് ഇൻസ്റ്റലേഷൻ ഇത്തവണയില്ല
ഇഷ്ടികകൾ ഉപേക്ഷിക്കാനുള്ളതല്ല, മറിച്ച് ഉപയോഗിക്കാനുള്ളതാണെന്ന ലാറി ബേക്കർ മുന്നോട്ടുവച്ച ആശയത്തിന്റെ പ്രസക്തി ജനങ്ങളിലെത്തിക്കാൻ ആർക്കിടെക്ടുകളുടെ സംഘടനയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് (ഐ.ഐ.എ) കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം നഗരത്തിൽ ബ്രിക്സ് ഇൻസ്റ്റലേഷൻ സംഘടിപ്പിച്ചിരുന്നു.
പൊങ്കാലയ്ക്കുശേഷം ശേഖരിച്ച ഇഷ്ടികകൾ കൊണ്ട് പാളയം യൂണിവേഴ്സിറ്റി കോളേജ് പരിസരം മുതൽ കവടിയാർ വരെയുള്ള സ്ഥലത്താണ് നൂറോളം ഇൻസ്റ്റലേഷനുകൾ തീർത്തത്. ആർക്കിടെക്ടുകൾ, ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, കൽപ്പണിക്കാർ തുടങ്ങി രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി എണ്ണൂറോളം പേർ നാലുദിവസത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രദർശനം അവസാനിച്ചതോടെ ഇൻസ്റ്റലേഷനുകൾ പൊളിച്ചുമാറ്റുകയും ഇഷ്ടികകൾ പാവപ്പെട്ടവർക്ക് വീടുവയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യുകയാണ് ചെയ്തത്. ഇഷ്ടിക ശേഖരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ജനങ്ങൾക്ക് അവബോധം നൽകുകയാണ് കഴിഞ്ഞ തവണ ഇൻസ്റ്റലേഷൻ കൊണ്ട് ഉദ്ദേശിച്ചതെന്നും ഇത്തവണ ഇതുപോലുള്ള ബോധവത്കരണ പരിപാടിയില്ലാതെ തന്നെ ഇഷ്ടികകൾ ശേഖരിച്ച് നേരിട്ട് ആളുകൾക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.