തിരുവനന്തപുരം: ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഫ്ലക്സുകൾ സ്ഥാപിക്കാൻ പാടില്ലെന്ന് നഗരസഭയും കളക്ടറും കർശന നിർദ്ദേശം നൽകിയിട്ടും നഗരം ഫ്ലക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫ്ലക്സുകൾ നീക്കം ചെയ്യാനും സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടവും നഗരസഭയും തീരുമാനിച്ചിട്ടുണ്ട്.
സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരൂ...
പൊങ്കാല സമയത്ത് ആറ്റുകാലിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസുകളും പൂർണമായും ഒഴിവാക്കുന്നതിനായി സ്റ്റീൽ ഗ്ളാസുകളും പാത്രങ്ങളും ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016ൽ നഗരസഭ സ്റ്റീൽപാത്രങ്ങൾ ശേഖരിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി സന്നദ്ധപ്രവർത്തകരിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 10,000 ഗ്ലാസും 2,500 പ്ളേറ്റുകളും ശേഖരിച്ചു. ആദ്യ രണ്ട് വർഷം പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചാണ് പാത്രങ്ങൾ ശേഖരിച്ചത്. ഇത്തവണ നഗരസഭയിൽ നേരിട്ടെത്തിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും പ്രതീക്ഷിച്ചത്ര പ്രതികരണമുണ്ടായില്ലെന്നതാണ് സത്യം. ആറ്റുകാൽ പൊങ്കാലയ്ക്കിനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേയുള്ളൂ.
പാത്രങ്ങളെത്തിക്കാനുള്ള അവസരം ജനങ്ങൾ വിനിയോഗിക്കണമെന്ന് നഗരസഭ അധികൃതർ പറയുന്നു. പ്ളാസ്റ്റിക് മാലിന്യം പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. പൊങ്കാലയിടുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നതിന് പ്ളാസ്റ്റിക്, പേപ്പർ പാത്രങ്ങൾ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ ഒഴിവാക്കണം. മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്സ് എന്നിവ ഉപയോഗിക്കണം. ഭക്തർക്ക് വിതരണം ചെയ്യുന്നതിനുള്ള ഗ്ലാസും പാത്രങ്ങളും ഭക്തരിൽ നിന്നുതന്നെ സ്പോൺസർഷിപ്പ് മുഖേന കണ്ടെത്താൻ ശ്രമിക്കും. വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ എന്നിവർക്കും ഇതിനുള്ള അവസരം നൽകും. ഇങ്ങനെ ലഭിക്കുന്ന ഗ്ലാസും പാത്രങ്ങളും പൊങ്കാലയ്ക്കുശേഷം നഗരസഭ, ആറ്റുകാൽ ക്ഷേത്രഭരണസമിതി, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ സൂക്ഷിക്കും.