തിരുവനന്തപുരം :ഏറ്റവും കുടുതൽ കാഴ്ച പരിമിതരുള്ള രാജ്യമാണ് ഇന്ത്യ. നൂറിൽ ഒരാൾക്ക് കാഴ്ചപരിമിതി ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ പൊതുനിരത്തിൽ കാഴ്ചവൈകല്യമുള്ളവരെ കാണുന്നത് വളരെ കുറവാണ്. ഇതിന് പ്രധാനകാരണം കാഴ്ച വൈകല്യത്തിന്റെ പരിമിതികളെ സ്വയം ശപിച്ച് ഇരുട്ടറയിൽ അഭയം കണ്ടെത്താൻ സമൂഹം ഇത്തരക്കാരെ തള്ളിവിടുന്നതിനാലാണ്. എന്നാൽ ഇനി ആ പതിവുകൾക്ക് മാറ്റം വരും. കാഴ്ച പരിമിതിയുള്ളവർക്ക് 'പുനർജ്യോതിയുടെ' കൈപിടിച്ച് ഉൾക്കാഴ്ചയുടെ കരുത്തിൽ ഇനി മുന്നേറാം. സർക്കാർ കണ്ണാശുപത്രിയിൽ കാഴ്ച പരിമിതർക്കുള്ള പുനരധിവാസ കേന്ദ്രം 'പുനർജ്യോതി' ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കെ. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സതീഷ് കുമാർ, ഡോക്ടർമാരായ റംലാ ബീവി, സുശീല പ്രഭാകരൻ, തോമസ് മാത്യൂ, കൃഷ്ണകുമാർ, ഷീബ .സി.എസ്, വി. സഹസ്രനാമം തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെയും ആർ.ഐ.ഒ അലുമിനി അസോസിയേഷന്റെയും പങ്കാളിത്തത്തിലാണ് ആർ.ഐ.ഒ കാമ്പസിൽ പുനർജ്യോതി ആരംഭിച്ചത്. ഏതാനും ബ്ലൈൻഡ് സ്കൂൾ ഒഴിച്ചാൽ കേരളത്തിൽ കാഴ്ച പരിമിതരുടെ പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ തുലോം പരിമിതമാണ്. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരമായാണ് കാഴ്ച പരിമിതർക്കായി പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. ആധുനിക ശാസ്ത്രോപകരണങ്ങളുടെ സഹായത്തോടുകൂടി ശരിയായ പരിശീലനം വഴി ഇവരെയും ഒരു സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കും. ഇതാണ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ലക്ഷ്യം. കെട്ടിടവും ജീവനക്കാരെയും മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഉപകരണങ്ങൾ അടക്കം മറ്റ് ആവശ്യങ്ങൾക്കായി ഈ പുനരധിവാസ കേന്ദ്രത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്ന് ആർ.ഐ.ഒ.എ.എ പ്രസിഡന്റ് ഡോ. പി.എസ്. ഗിരിജാദേവി പറഞ്ഞു. ഇതിനായി അസോസിയേഷൻ ഒരു പ്രത്യേക അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 046201000013834. ഐ.എഫ്.എസ്.സി കോഡ് - ഐഒബിഎ0000462. ഫോൺ: 8139824743.
പുനർജ്യോതിയുടെ പ്രവർത്തനം ഇങ്ങനെ
കാഴ്ച പരിമിതിയുള്ളവർക്ക് കണ്ണാശുപത്രിയോട് ചേർന്നുള്ള ആർ.ഐ.ഒ കാമ്പസിലെ പുനർജ്യോതി സെന്ററിലെത്തി പേരുകൾ രജിസ്റ്റർ ചെയ്യാം. വിശദമായ പരിശോധനകൾക്ക് ശേഷം കാഴ്ച പരിമിതിയുടെ തോത് അളക്കും. കാഴ്ച മെച്ചപ്പെടുത്താൻ എന്തെങ്കിലും ഉപകരണങ്ങളോ ചികിത്സയോ കൊണ്ട് സാധിക്കുമോ എന്ന് തിട്ടപ്പെടുത്തും. ഭാഗികമായി മാത്രം കാഴ്ച നഷ്ടപ്പെട്ടവർക്ക് വായിക്കാനും പഠിക്കാനും സഹായിക്കുന്ന പല ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. അനുയോജ്യമായ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും അവ ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും.
പൂർണമായും കാഴ്ച നഷ്ടപ്പെട്ടവർക്ക് പരസഹായം കൂടാതെ നടക്കാൻ സഹായിക്കാൻ വെള്ളവടി (വൈറ്റ് കെയ്ൻ) നൽകും. ഇവ ഉപയോഗിച്ച് നടക്കാൻ പരിശീലിപ്പിക്കും. കാഴ്ച നഷ്ടപ്പെട്ടത് മൂലം നിരാശയും വിഷാദ രോഗവും പിടിപെട്ടവർക്ക് ഇവയിൽ നിന്ന് രക്ഷനേടാൻ മികച്ച കൗൺസലിംഗ് നൽകും. പ്രത്യേകം ടാക്കിംഗ് സോഫ്റ്റ് വെയറുള്ള കമ്പ്യൂട്ടർ വഴി തുടർ വിദ്യാഭ്യാസവും ജോലികളിൽ പ്രായോഗിക പരിശീലനവും നൽകും.