തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്തുക, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് നാളെ മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും.
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാരീതികൾ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, വിദഗ്ദ്ധ ഗവേഷകർ, വ്യവസായമേഖലയിലെ വിദഗ്ദ്ധർ, സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കുന്നു.
ആരോഗ്യ - എഡ്യൂക്കേഷൻ എക്സ്പോകൾ
സൂര്യകാന്തി എക്സ്പോ ഗ്രൗണ്ടിൽ ഫെബ്രുവരി 15ന് ആരംഭിച്ച് നാലു ദിവസം നീണ്ടുനിൽക്കുന്ന ആരോഗ്യ എക്സ്പോ ആയുഷ് കോൺക്ലേവിന്റെ പ്രധാന ആകർഷണമാണ്. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദർശനത്തിൽ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. കേന്ദ്ര - സംസ്ഥാന - സ്വകാര്യ സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കുന്നു. എഡ്യൂക്കേഷൻ എക്സ്പോയിൽ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കുന്നു.
എൽ.എസ്.ജി ലീഡേഴ്സ് മീറ്റ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികൾക്ക് മികവിന്റെ മാറ്റുരയ്ക്കാൻ വേദിയൊരുക്കുകയാണ് എൽ.എസ്.ജി.ഡി മീറ്റിന്റെ ലക്ഷ്യം. പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ മികച്ച പദ്ധതിക്ക് സമ്മാനം നൽകുന്നു.
ഗുഡ് ഫുഡ്കോൺക്ലേവ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ ഗുഡ് ഫുഡ്കോൺക്ലേവ് സംഘടിപ്പിക്കും. രാവിലെ 11.30ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം നിർവഹിക്കും. ചികിത്സാ, ഭക്ഷ്യ സംസ്കരണ രംഗത്തെ പ്രമുഖരും യുവ കർഷക പ്രതിഭകളും ഗുഡ് ഫുഡ്കോൺക്ലേവിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും സാമൂഹ്യ നീതി, കുടുംബശ്രീ പ്രവർത്തകർക്കുമായി ജവഹർ ബാലഭവൻ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകൾ സംഘടിപ്പിക്കും.
ഡ്രഗ്പോളിസി വർക്ക്ഷോപ്പ്
16ന് ഉച്ചയ്ക്ക് 12 മുതൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന ഡ്രഗ്പോളിസി വർക്ക്ഷോപ്പിൽ എൻ.എച്ച്.എം., എൻ.എ.എം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിക്കും. എ.എസ്.യു ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. ടി.ഡി. ശ്രീകുമാർ ഡ്രഗ്പോളിസി പരിചയപ്പെടുത്തും.
ബിസിനസ് മീറ്റ്
17ന് രാവിലെ 9.30 മുതൽ കനകക്കുന്ന് പാലസ് ഹാളിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ആയുഷ് അധിഷ്ഠിത ഹെൽത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ചർച്ച ഉണ്ടാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഔഷധസസ്യ കർഷകസംഗമം 18ന് നടക്കും. ഇരുനൂറോളം കർഷകർ പങ്കെടുക്കും. ഒപ്പം സ്റ്റാർട്ടപ് കോൺക്ലേവും സംഘടിപ്പിക്കും.