kodi-suni

കണ്ണൂർ: പരോളിലിറങ്ങി മോഷണശ്രമം നടത്തിയതിന് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി എന്ന സുനിൽ അറസ്‌റ്റിൽ. കൂത്തുപറമ്പ് പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തൃശൂർ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തിൽ പങ്കാളിയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 13നായിരുന്നു സംഭവം. റഫ്‌ഷാൻ എന്ന യുവാവിനെയാണ് സുനിയും സംഘവും തട്ടികൊണ്ടു പോയി പണം കവർന്നത്. വയനാട്ടിലെ റിസോർട്ടിലേക്ക് യുവാവിനെ തട്ടികൊണ്ടു പോയ സംഘം മർദ്ദിച്ച് 16,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. റഫ്ഷാന്റെ സഹോദരൻ മറ്റൊരാൾക്ക് നൽകാനായി ഗൾഫിൽനിന്ന് കൊണ്ടുവന്ന സ്വർണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്.

കൊടിസുനി ഉൾപ്പെടെ ഒൻപത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ നാലുപേർ നേരത്തേ അറസ‌റ്റിലായിരന്നു. പൊലീസ് നൽകിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷൻ വാറന്റ് ഉത്തരവിട്ടത്.