ന്യൂഡൽഹി: റിലയൻസ് മേധാവി അനിൽ അംബാനിക്കെതിരായ കോടതി ഉത്തരവിൽ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിട്ടു. അനിൽ അംബാനിയുടെ റിലയൻസ് കമ്യുണിക്കേഷൻസിന് എതിരെ എറിക്‌സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യക്കേസിലെ ഉത്തരവ് തിരുത്തിയ ജീവനക്കാർക്കെതിരെയാണ് സുപ്രീംകോടതിയുടെ നടപടി. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ കുമാർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
അനിൽ അംബാനി ഹാജരാവേണ്ട കേസിൽ ഹാജരാവേണ്ട എന്നാണ് ഇവർ തിരുത്തിയത്. കോടതി അലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയിൽ അനിൽ അംബാനിയോട് നേരിട്ട് കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി അന്ന് വൈകിട്ട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജർ ആകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായാണ് കണ്ടത്.
ഇതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷണം നടക്കുകയും, അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്‌തത് അനധികൃതമായ ഇടപെടലാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടൽ ഉത്തരവിൽ ഇന്നലെ രാത്രി ഒപ്പ് വച്ചത്.