ഇന്ത്യയിലെ ഏതൊരു നടനും നടിയും സ്വപ്‌നം കാണുന്ന സംവിധായകനാണ് മണിരത്നം. മണിരത്നം സിനിമകൾ എന്നും പ്രേക്ഷകർക്ക് ആവേശമാണ്. എന്നാൽ മൃഗശാലയിലെ കൂട്ടിൽ കിടക്കുന്ന കടുവയെ പോലെയാണ് മണിരത്നമെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ രാജിവ് മേനോൻ. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ അതിഥിയായി എത്തി സംസാരിക്കവെയാണ് മണിരത്നവുമായുള്ള തന്റെ സൗഹൃത്തെക്കുറിച്ച് രാജീവ് മനസു തുറന്നത്.
'മണിക്ക് രണ്ട് കാര്യങ്ങളിലേ ചർച്ചയുള്ളൂ, ഗോൾഫും സിനിമയും. മണിരത്നം വളരെ കൂളാണ് ക്യാമറയ്‌ക്ക് പിറകിൽ. ഞങ്ങൾക്കിടയിൽ ഒരു ജോക്കുണ്ട് മണിരത്നത്തെ പറ്റി. നിങ്ങള് മണിരത്നത്തിന്റെ ഓഫീസിൽ പോയിക്കഴിഞ്ഞാൽ അയാളിങ്ങനെ ഒരു പെൻസിലും കറക്കിയിരിക്കും. വളരെ സോഫ്‌റ്റാണ്. പ്രൊഡക്ഷൻ മാനേജർ പറയും, ഇവിടെ മണിരത്നത്തെ കാണാൻ വരുന്നവർക്ക് അറിയില്ല എന്താണ് വരാൻ പോണതെന്ന്. അയാളൊരു ജ്വാലാമുഖിയായി ഇപ്പോൾ പൊട്ടാൻ പോവുകയാന്ന്. അതെന്താന്ന് പറഞ്ഞാൽ മണിരത്നത്തെ മീറ്റ് ചെയ്യുന്ന സമയത്ത് മൃഗശാലയിൽ കിടക്കുന്ന കടുവയാണ്. അവിടെ വെറുതെ കിടക്കുകയാണ് ഒന്നും ചെയ്യില്ല. പക്ഷേ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന സമയത്ത് അത് അവിടെയും ഇവിടെയും അലഞ്ഞ് സർക്കസിലെ ടൈഗറാണ്. പക്ഷേ ഷൂട്ടിംഗ് സ്പോട്ടിൽ വരുന്ന സമയത്ത് 14 ദിവസം ശാപ്പാട് കഴിക്കാത്ത കടുവ നിങ്ങളെ നോക്കി കടിക്കാനായിട്ട് വരുന്നതെന്ന് പറയുന്ന പോലെയാണ്. അങ്ങനെയാണ് മണിരത്നം, ഡൂം...എന്ന് ആളങ്ങട് മാറും. പക്ഷേ ഏറ്റവും വിസ്‌മയകരമായ കാര്യമെന്തെന്ന് വച്ചാൽ സിനിമയെന്ന് വച്ചാൻ ഭ്രാന്താണ് മണിരത്നത്തിന്. മറ്റൊരു ചർച്ചയും അവിടില്ല'- രാജീവ് മേനോൻ പറയുന്നു.
മണിരത്നത്തിന്റെ ബോംബെ, ഗുരു, കടൽ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചത് രാജിവ് മേനോൻ ആയിരുന്നു. കടലിലെ ഛായാഗ്രഹണമികവിന് 2014ലെ ഫിലിംഫെയർ അവാർഡും രാജീവ് മേനോനായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'സർവം താള മയ'മാണ് രാജീവിന്റെ ഏറ്റവും പുതിയ ചിത്രം. ജി.വി പ്രകാശ്, അപർണാ ബാലമുരളി, നെടുമുടി വേണു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.