-posco-case

തിരുവനന്തപുരം: ഇമാം പ്രതിയായ പോക്സോ കേസിൽ ഇന്ന് പെൺകുട്ടിയുടെ മൊഴിയെടുക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് പെൺകുട്ടിയുടെ മൊഴിയെടുക്കുന്നത്. അതേസമയം,​ കേസിൽ പ്രതിയായ ഇമാം ഒളിവിലായതിനാൽ പ്രതിക്കെതിരെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

ഇൗ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിതുരയിൽ ട്യൂഷന് പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഷെഫീഖ് അൽ ഖാസിമി തന്റെ ഇന്നോവ കാറിൽ കയറ്റുകയായിരുന്നു. പേപ്പാറയ്‌ക്ക് സമീപം പട്ടൻകുളിച്ചപാറ വനമേഖലയിൽ വച്ചാണ് സ്‌കൂൾ യൂണിഫോമണിഞ്ഞ പെൺകുട്ടിയെ ഇയാൾ കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചത്.

സമീപവാസിയായ പെൺകുട്ടി റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ കുടുംബം പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് തൊളിക്കോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.