ലണ്ടൻ: താൻ വാഗ്‌ദാനം ചെയ്‌ത പണം സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകാത്തതെന്ന് പിടികിട്ടാപ്പുള്ളി വിജയ്‌മല്യ. ട്വിറ്റിലൂടെയാണ് വിജയ്‌മല്യ ഇക്കാര്യം അറിയിച്ചത്. വായ്‌പ തിരിച്ചടയ്‌ക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഒരു പ്രസംഗത്തിനിടെ 9,000 കോടിയുമായി ഒരാൾ ഒളിച്ചോടിപ്പോയെന്ന് മോദി പരാമർശിച്ചിരുന്നു. അദ്ദേഹം വാചാലനായത് എന്നെ കുറിച്ച് മാത്രമാണ്. ഇത് തള്ളിക്കളയാൻ സാധിക്കുന്ന ഒന്നല്ല, ഞാൻ സത്യസന്ധമായാണ് വാഗ്ദാനം ചെയ്‌തത്. എന്തുകൊണ്ട് ബാങ്കുകൾ ഈ പണം സ്വീകരിക്കുന്നില്ല? മല്യ ചോദിച്ചു. ഞാൻ എന്റെ സ്വത്തുക്കൾ മറച്ചുവച്ചെന്നാണ് വാർത്തകൾ വന്നത്. ഇത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കിംഗ് ഫിഷർ എയർലൈൻ നഷ്ടത്തിലായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും നൽകാനുള്ള 9,000 കോടി രൂപയും തന്നുകൊള്ളാമെന്നുമാണ് മദ്യവ്യവസായി കൂടിയായ വിജയ് മല്യ ട്വീറ്റ് ചെയ്‌തതിരുന്നു. സാമ്പത്തികതട്ടിപ്പ് കേസിൽ നാടുകടത്തിൽ കേസിൽ ബ്രിട്ടൻ കോടതി വിധി പറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ബാങ്കുകൾക്ക് നൽകാനുള്ള പണം മുഴുവൻ നൽകാമെന്നാണ് വിജയ് മല്യ വാഗ്ദാനം ചെയ്‌തത്. 2016 മാർച്ചിലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്.മല്യയിൽ നിന്ന് പണമീടാക്കുന്നതിനുള്ള വഴികൾതേടി ബാങ്കുകൾ നിയമപോരാട്ടം നടത്തുകയും ഇതുസംബന്ധിച്ച വാദങ്ങൾ ബ്രിട്ടൻ കോടതിയിൽ നടക്കുകയുമായിരുന്നു.
മല്യയെ ‘സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളി’യായി മുംബയ് പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പാസാക്കിയ സാമ്പത്തിക കുറ്റവാളികൾക്കെതിരായ നിയമം അടിസ്ഥാനമാക്കിയാണ് നടപടി. ഈ നിയമപ്രകാരം നടപടി നേരിടുന്ന ആദ്യ വ്യവസായിയാണ് മല്യ.