കോഴിക്കോട് : സ്‌കൂൾ വിദ്യാർത്ഥിനിയെയും സഹോദരിയെയും വീട്ടുകാർപോലും അറിയാതെ കടത്തികൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഘം പിടിയിൽ. നീണ്ട നാളത്തെ ആസൂത്രണത്തോടെ ചതിക്കുഴിയൊരുക്കിയാണ് ഇവർ പെൺകുട്ടികളെ വലയിലാക്കിയത്. സ്‌കൂൾ വിദ്യാർത്ഥിനിയുടെ സ്മാർട് ഫോൺ ഭ്രമം മനസിലാക്കിയാണ് അഖിലേഷ് എന്ന യുവാവും പ്രായപൂർത്തിയാവാത്ത ആൺകുട്ടിയും ചേർന്ന് കെണിയൊരുക്കിയത്. വീട്ടുകാർ ഫോൺ വാങ്ങി നൽകില്ലെന്ന് പറഞ്ഞതോടെയാണ് പെൺകുട്ടി സ്‌കൂൾ യാത്രയ്ക്കിടെ കാത്തുനിൽക്കുന്ന യുവാവിന്റെ വാക്കുകൾക്ക് ചെവി നൽകിയത്. ഫോണും,സിനിമയും, ആഹാരം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയ സംഘം പെൺകുട്ടിയുടെ സഹോദരിയെ കൂടി വലയിലാക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം കുറഞ്ഞ മോഡൽ ഫോൺ നൽകി പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ഇയാൾ രാത്രി വീടിന് പുറത്ത് വന്നാൽ സ്മാർട് ഫോൺ നൽകാമെന്ന് പറഞ്ഞ് രണ്ട് പെൺകുട്ടികളെയും അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
പെൺകുട്ടികളുടെ വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ആളൊഴിഞ്ഞിടത്തെ വീട്ടിലെത്തിച്ചയുടൻ അഖിലേഷും സുഹൃത്തും പെൺകുട്ടികളുടെ വസ്ത്രം മാറാൻ നിർബന്ധിക്കുകയും കടന്ന് പിടിക്കുകയും ചെയ്തു. തങ്ങളെ ചതിക്കുകയാണെന്ന് മനസിലായ പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് അയൽ വീടുകളിലുള്ളവർ ഉണരുകയും പെൺകുട്ടികളെ രക്ഷിക്കുകയുമായിരുന്നു. നാട്ടുകാർ സംഘടിച്ചെത്തി അഖിലേഷിനേയും പതിനേഴ്കാരനായ സുഹൃത്തിനെയും പിടികൂടി എലത്തൂർ സ്റ്റേഷനിലെ പൊലീസിനെ വിളിച്ചേൽപ്പിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് അർദ്ധരാത്രിയിൽ ബൈക്കുകൾ മുൻപും വരാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസിനോടാണ് പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തിയത്. പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് പെൺകുട്ടികൾ വീടുവിട്ട കാര്യം രക്ഷിതാക്കൾ അറിയുന്നത്.