ന്യൂഡൽഹി: ശബരിമലയിൽ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പുന:പരിശോധനാ ഹർജിയിൽ എഴുതി നൽകിയ വാദത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പത്തു വയസുകാരിയും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്ന വാദം തെറ്റാണെന്നും ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന ഉറപ്പ് നൽകുന്നില്ലെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കി.
അതേസമയം, ഭരണഘടനാ ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവികമായ നീതി നിഷേധിക്കുന്നതാണെന്ന വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വാദം തെറ്രാണെന്നും വിധി ബാധകമാകുന്ന എല്ലാവരുടെയും വാദം കോടതി കേൾക്കേണ്ടതില്ലെന്നും സർക്കാർ പറഞ്ഞു.
2007വരെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 35വയസായ യുവതികൾക്ക് വരെ അംഗമാകാമെന്നായിരുന്നു. എന്നാൽ 35വയസുള്ള യുവതിക്ക് ദേവസ്വം ബോർഡ് അംഗമാകാമെങ്കിൽ അവർക്ക് ശബരിമലയിൽ പ്രവേശനവുമാകാമെന്നും സർക്കാർ വ്യക്തമാക്കി. അതേ വർഷം തന്നെ ഇത് 60വയസായി ഉയർത്തുകയും ചെയ്തിരുന്നു. ഒരു അയ്യപ്പക്ഷേത്രത്തിൽ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളതെന്നും ഇത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമാണെന്ന വാദത്തെ ഖണ്ഡിക്കുന്ന വാദമാണിപ്പോൾ സർക്കാർ സുപ്രീംകോടതിയിൽ എഴുതി നൽകിയിരിക്കുന്നത്.