തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ പെൺകുട്ടി മൊഴി നൽകി. ഇമാം പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വനിത സി.ഐ.യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂർവ്വമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. ഇമാം ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൗ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിതുരയിൽ ട്യൂഷന് പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഷെഫീഖ് അൽ ഖാസിമി തന്റെ ഇന്നോവ കാറിൽ കയറ്റുകയായിരുന്നു.
പേപ്പാറയ്‌ക്ക് സമീപം പട്ടൻകുളിച്ചപാറ വനമേഖലയിൽ വച്ചാണ് സ്‌കൂൾ യൂണിഫോമണിഞ്ഞ പെൺകുട്ടിയെ ഇയാൾ കാറിൽ കയറ്റി പീഡിപ്പിച്ചത്. സമീപവാസിയായ പെൺകുട്ടി റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.