kodiyeri

തിരുവനന്തപുരം: ദേവികുളം കളക്ടർ രേണു രാജിനെ അപമാനിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സബ്കളക്ടറെ അപമാനിച്ച രാജേന്ദ്രന്റെ നടപടി അപക്വമെന്നും കോടിയേരി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് ഹെെക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്‌തത്.

മൂന്നാറിലെ സി.പി.ഐ‌ നേതാവ് ഔ‌സേപ്പ് നൽകിയ ഹർജിയിലാണ് നടപടി. പഞ്ചായത്തിന് ആരാണ് അവിടെ കെട്ടിടം പണിയാൻ അനുമതി കൊടുത്തതെന്ന് കോടതി ചോദിച്ചിരുന്നു. കെട്ടിടനിർമ്മാണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഇതിനു പിന്തുണയും പ്രേരണയും നൽകിയ എസ്. രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയിൽ ഉപഹർജി നൽകിയിരുന്നു.

ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, ഇടുക്കി ജില്ലാ പഞ്ചായത്തംഗം വിജയകുമാർ, കരാറുകാരനായ ചിക്കു എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഭരണകക്ഷിയായ സി.പി.എമ്മിന്റെ എം.എൽ.എയാണ് എസ്. രാജേന്ദ്രൻ. ഭരണകക്ഷി എം.എൽ.എയ്ക്കെതിരെ സർക്കാർ കോടതിയലക്ഷ്യത്തിന് ഹർജി നൽകുന്നെന്ന പ്രത്യേകതയും ഈ‌ കേസിനുണ്ട്.

ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി മനപൂർവ്വം പീഡിപ്പിച്ചു,​ ഇമാമിനെതിരെ പെൺകുട്ടിയുടെ മൊഴി

മൂന്നാറിലെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവ് നേടിയ 'വൺ എർത്ത് വൺ ലൈഫ് 'എന്ന സംഘടനയുടെ ഹർജിയിലാണ് സർക്കാർ ഉപഹർജി നൽകിയത്. പഞ്ചായത്തിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കി ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് നൽകിയ സത്യവാങ്മൂലവും ഇതോടൊപ്പം നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജി മറ്റു ഹർജികൾക്കൊപ്പം മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കും.