dpr

തിരുവനന്തപുരം:മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് അജ്ഞലിയർപ്പിക്കാൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സ്‌മൃതിസന്ധ്യ ശ്രദ്ധേയമായിരുന്നു. ഗാനാജ്ഞലിയായിരുന്നു മുഖ്യ ആകർഷണം. കല്ലറ ഗോപൻ,രാജലക്ഷ്മി,ഒ.എൻ.വിയുടെ പേരക്കുട്ടി അപർണ്ണാരാജീവ്, ശ്രീറാം മകൾ കാഞ്ചന തുടങ്ങി പ്രമുഖ ഗായകരുടെ ഒരു നിരതന്നെ മനോഹരമായ ഗാനങ്ങൾ ആലപിച്ച് സദസ്സിന് ഹരം പകർന്നു.

എന്നാൽ അപ്രതീക്ഷിതമായി ഒരു ഗായകൻ വേദിയിൽ കയറിയപ്പോൾ സദസ്സ് കാതോർത്തു. അദ്ദേഹം ഏത് ഗാനമാണ് ആലപിക്കാൻ പോകുന്നതെന്ന് പലരും ഒരു നിമിഷം ആലോചിച്ചു. അപ്പോൾ ശ്രുതി മധുരമായി ആ ഗാനം മുഴങ്ങി."മാരിവില്ലിൻ ..തേൻമലരേ.." പാടിയത് ആരാണെന്നല്ലേ..സംസ്ഥാന പബ്ളിക് റിലേഷൻസ് ഡയറക്ടർ ടി.വി.സുഭാഷായിരുന്നു ആ ഗായകൻ.ഗൃഹാതുരത്വവും പോയ കാലത്തിന്റെ ഒാർമ്മകളും ഉണർത്തുന്ന ആ നാടക ഗാനം മനോഹരമായി അദ്ദേഹം ആലപിച്ചു.അപൂർവ്വമായി മാത്രമേ സുഭാഷ് വേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അതും സൗഹൃദ സദസ്സുകളിൽ മാത്രം. ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിട്ടുണ്ട്. തബലയും ഹാർമോണിയവും അകമ്പടിയായുണ്ടെങ്കിൽ ഈ തൃശൂർക്കാരൻ നന്നായി പാടും .വലിയ ഓർക്കസ്ട്രയ്ക്കൊപ്പം അങ്ങനെ പാടിയിട്ടില്ല. ആ ഒരു പരിചയക്കുറവുണ്ടെന്നു മാത്രം. പക്ഷേ ബുധനാഴ്ച സുഭാഷിന്റെ പാട്ട് നിറ‌ഞ്ഞ കരഘോഷത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. അടൂർ ഗോപാലകൃഷ്ണൻ,ഡോ.എം.വി.പിള്ള തുടങ്ങിയവർ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.