നടിപ്പിൻ നായകൻ സൂര്യയുടേതായി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് എൻ.ജി.കെ. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. വളരെ കാലമായി പ്രേക്ഷർ ചിത്രത്തിനായി കാത്തിരിക്കുകയാണ്. താനാ സേന്ത കൂട്ടം എന്ന ചിത്രത്തിന്റെ തകർച്ച താരത്തെ അല്പം ക്ഷീണത്തിലാക്കിയിരുന്നു. സൂര്യ-സെൽവരാഘവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ഒരു തട്ടുപൊളിപ്പൻ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
ടീസറിൽ സൂര്യ തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. സൂര്യയുടെ തന്നെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും എൻ.ജി.കെയിലേത്. നന്ദ ഗോപാലൻ കുമരൻ എന്ന വ്യക്തിയുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനവും ജിവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിലെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലൂടെ താരത്തിന്റെ ശക്തമായ തിരിച്ചു വരവ് തന്നെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഫുൾ എനർജിറ്റിക്ക് സൂര്യയെയാണ് ടീസറിൽ നമുക്ക് കാണാൻ കഴിയുന്നത്. കാർത്തിയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവൻ കാർത്തിയുടെ തന്നെ കരിയറിൽ മികച്ച ചിത്രങ്ങളിലൊന്നാണ്. ഇതേ പ്രതീക്ഷയാണ് ഇപ്പോൾ സൂര്യയുടെ കാര്യത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷ.
സായി പല്ലവിയും രാകുൽ പ്രീതുമാണ് സൂര്യയുടെ നായികമാരായി എത്തുന്നത്. സിനിമയിൽ നന്ദ ഗോപാലൻ കുമരൻ എന്ന എം.എൽ.എ ആയിട്ടാണ് സൂര്യ എത്തുന്നത്. എൻ.ജി.കെയുടെ സംഗീതവും പശ്ചാത്തല സംഗീതവും യുവൻ ശങ്കർ രാജയാണ് ഒരുക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
തെലുങ്ക് താരം ജഗപതി ബാബുവാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെൽവരാഘവന്റെ ഒരു ഡ്രീം പൊജക്ടാണ് എൻ.ജി.കെ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ ഷെഡ്യൂളിൽ സംഭവിച്ച ചില പ്രശ്നങ്ങളാണ് ചിത്രം വൈകാൻ കാരണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ പ്രഭുവാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് മാസം എൻ.ജി.കെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.