കേൾവി ശക്തി കുറവുള്ളവരെ സഹായിക്കാനായി ഗൂഗിൾ പുതിയ രണ്ട് ആപ്പുകൾ പുറത്തിറക്കി. കേൾവി ശക്തി ഇല്ലാതെ ഫോണിൽ സംസാരിക്കുന്നതിനു സഹായിക്കുകയാണ് ആപ്പുകളുടെ ലക്ഷ്യം. ഗൂഗിൾ ലൈവ് ട്രാൻസ്ക്രൈബ് (Google Live Transcribe) സൗണ്ട് ആംപ്ലിഫയർ (Sound Amplifier) എന്നിവയാണ് ആപ്പുകൾ.
കേൾവി ശക്തി തീരെയില്ലാത്തവർക്കായാണ് ലൈവ് ട്രാൻസ്ക്രൈബ് പുറത്തിറക്കിയിരിക്കുന്നത്. കേൾക്കുന്ന സംഭാഷണങ്ങൾ ആപ്പിൽ തൽസമയം എഴുതിക്കാണിക്കും എന്നതിനാൽ അവ വായിച്ചു നോക്കി മറുപടി നൽകാൻ സാധിക്കുമെന്നതാണ് പ്രത്യേകത. 70 ഭാഷകളിൽ ലൈവ് ട്രാൻസ്ക്രൈബിന്റെ സേവനം ലഭിക്കുകയും ചെയ്യും.
കേൾവി ശക്തി കുറവുള്ളവർക്കാണ് സൗണ്ട് ആംപ്ലിഫയർ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഫോണിൽ സംസാരിക്കുമ്പോൾ ഇങ്ങോട്ടുള്ള സംഭാഷണത്തിന്റെ ശബ്ദം കൂട്ടാൻ കഴിയുന്ന ആപ്പിന് ഉപയോഗിക്കുന്ന ഹെഡ്ഫോണിന്റെ ഇടത്തെയോ വലത്തെയോ സ്പീക്കറിൽ മാത്രമായും ശബ്ദം കൂട്ടാൻ കഴിയും എന്നതാണ് പ്രത്യേകത.
ആൻഡ്രോയ്ഡ് ലോലിപോപ്പ് മുതലുള്ള എല്ലാ സ്മാർട്ട് ഫോണുകളിലും ഈ രണ്ട് ആപ്പുകളും പ്രവർത്തിക്കും. രണ്ട് ആപ്പുകളും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.