ബിന്ദുലാൽ ചെന്ന് വാതിൽ അടച്ചു ലോക്കു ചെയ്തു.
''അപ്പോൾ എങ്ങനെയാ മൂസേ... നമ്മൾ തുടങ്ങുകയല്ലേ?"
എസ്.ഐ ബഞ്ചമിൻ, മൂസയ്ക്കരുകിലേക്ക് ഒരു കസേര നീക്കിയിട്ട് ഇരുന്നു.
മൂസ ഒന്നു ചുമച്ചു.
''ഒരുപാട് സാറന്മാര് നോക്കിയിട്ടുള്ളതാ മൂസയുടെ നാവിന്റെ കെട്ടഴിക്കാൻ. പക്ഷേ അവരൊക്കെ തോറ്റു മടങ്ങിയിട്ടേ ഉള്ളൂ."
വാരിയെല്ല് പൊട്ടിയതുപോലെയുള്ള വേദനയ്ക്കിടയിലും മൂസ ചിരിച്ചു.
''പക്ഷേ അവരൊക്കെ നോക്കിയതു പോലെയല്ല മൂസേ ഞങ്ങള് ചെയ്യാൻ പോകുന്നത്...
പറഞ്ഞിട്ട് ബഞ്ചമിൻ തന്റെ കാൽകൊണ്ട് മൂസയുടെ ഇടതുകാൽ തോണ്ടിയുയർത്തി.
ഇടം കൈകൊണ്ട് ആ കാൽ പിടിച്ച് തന്റെ കാൽമുട്ടിനു മീതെ വച്ചു. തുടർന്ന് പിന്നിലേക്കു കൈ നീട്ടി.
വിജയ ഒരു പ്ളയർ ആ കൈയിലേക്കു വച്ചുകൊടുത്തു.
മൂസയുടെ മുഖത്തേക്കു ഭീതി ഇരച്ചുകയറി. എങ്കിലും പറഞ്ഞു.
''വേണ്ട സാറേ... നിങ്ങള് എന്നെ കൊന്നില്ലെങ്കിൽ പാമ്പിനെപ്പോലെ ഇഴഞ്ഞിട്ടായാലും ഞാൻ വരും... നിങ്ങടെയൊക്കെ കുടുംബത്തിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലും ബാക്കിവയ്ക്കില്ല ഞാൻ."
ബഞ്ചമിൻ തല കുടഞ്ഞു.
''അപ്പോൾ നീ ഇഴയാതെ പോലും ഇരിക്കാൻ ഞങ്ങള് ശ്രദ്ധിക്കണമല്ലോ.."
ബഞ്ചമിൻ പ്ളയർ കൊണ്ട് അയാളുടെ കാൽ വിരലുകളിൽ മെല്ലെ തടവി.
പിന്നെ അണിവിരലിൽ പിടുത്തമിട്ടു.
ഒറ്റ ഞെക്ക്....
''ആ..." അലറിപ്പോയി മൂസ. ആ ശബ്ദം ടോർച്ചർ റൂമിന്റെ ഭിത്തികളിൽ പ്രകമ്പനം കൊണ്ടു...
ബഞ്ചമിൻ പ്ളയർ പുറത്തേക്കു മടക്കി.
''അയ്യോ..."
മൂസയുടെ അണിവിരൽ ഓമത്തണ്ടു കണക്കെ ഒടിഞ്ഞ് പുറത്തേക്കു മടങ്ങി...
ആ ക്ഷണം...
സകല ശക്തിയും സമാഹരിച്ച് മൂസ അടുത്ത കാലുയർത്തി ഒറ്റ ചവിട്ട്!
ബഞ്ചമിൻ കസേരയോടൊപ്പം ഒരു വശത്തേക്കു മറിഞ്ഞു.
മറ്റുള്ളവർ, മൂസയ്ക്കു നേരെ കുതിച്ചു.
''വേണ്ടാ." ബഞ്ചമിൻ ചാടിയെഴുന്നേറ്റു.
പിന്നിൽ നിന്നു പിടിച്ചതുപോലെ മറ്റുള്ളവർ നിന്നു.
''ഇവനെ എനിക്കു വേണം. ഞാൻ പറയിച്ചോളാം സത്യങ്ങൾ..."
പുലിയെപ്പോലെ അയാൾ മുരണ്ടു.
പെട്ടെന്ന് കറണ്ടു പോയി.
ടോർച്ചർ റൂമിൽ കണ്ണിൽ കുത്തിയാൽ അറിയാത്ത അന്ധകാരം.
അകത്തെ ശബ്ദങ്ങൾ പുറത്തേക്കോ പുറത്തേത് അകത്തേക്കോ കേൾക്കാത്ത രൂപത്തിലായിരുന്നു ആ മുറിയുടെ നിർമ്മാണം.
അല്പനേരം അവർ കാത്തു. കറണ്ടു വന്നില്ല.
ആർജവ് ഫോൺ എടുത്ത് പുറത്തുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിളിച്ചു. ജനറേറ്റർ ഓൺ ചെയ്യുവാൻ...
എന്നാൽ അപ്പുറത്ത് ഫോൺ ബല്ലടിച്ചു നിന്നതേയുള്ളൂ.
ആ ക്ഷണം വാതിലിൽ തട്ടുന്ന ഒച്ച...
സെക്യൂരിറ്റി ഫോൺ പുറത്തു വച്ചിട്ട് അകത്തേക്കു വന്നതായിരിക്കും എന്ന് അവർ കരുതി.
ബിന്ദുലാൽ മൊബൈലിന്റെ വെളിച്ചത്തിൽ ചെന്ന് വാതിൽ തുറന്നു...
അടുത്ത നിമിഷം അയാളുടെ മുഖമടച്ച് ഒരടിയേറ്റു.
''ഹാ..."
അർദ്ധ വിലാപത്തോടെ ബിന്ദുലാൽ ഒരുവശത്തേക്കു വേച്ചു.
ആ ക്ഷണം ഒരു ടോർച്ചിന്റെ വെളിച്ചം സ്പാനർ മൂസയിൽ പതിഞ്ഞു. ഒപ്പം തുരുതുരെ വെടിപൊട്ടി.
മൂസയുടെ ശരീരത്തുനിന്ന് ചോരയും മാംസക്കഷണവും ചിതറുന്നത് മറ്റുള്ളവർ കണ്ടു....
ആക്രമണം അപ്രതീക്ഷിതമായിരുന്നതിനാൽ അവർക്ക് പ്രതികരിക്കാൻ കഴിയും മുൻപ് വാതിൽ അടയ്ക്കപ്പെട്ടു...
പുറത്തുനിന്നു ലോക്കും വീണു... ഇരുട്ടിൽ പോലീസ് ഉദ്യോഗസ്ഥർ പകച്ചുനിന്നു....
എസ്.പിയുടെ കീഴിലുള്ള ഏതാനും പോലീസ് ഉദ്യോഗസ്ഥർക്കു മാത്രം അറിയാവുന്ന ഈ സ്ഥലത്ത് ആക്രമണം നടക്കുക!
അതിന്റെ മരവിപ്പിലായിരുന്നു വിജയ ഉൾപ്പെടെ ആറുപേരും.
''എന്തുചെയ്യും ബഞ്ചമിൻ?"
ആർജവ് വാതിൽ തള്ളിനോക്കി. അനങ്ങുന്നില്ല.
ബഞ്ചമിൻ മറുപടി പറയും മുൻപ് കറണ്ട് വന്നു..
അവർക്കു മുന്നിൽ കണ്ണുകൾ തുറിച്ച് ചോരക്കളത്തിൽ സ്പാനർ മൂസയുടെ മൃതദേഹം...!
(തുടരും)