തിരുവനന്തപുരം: 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോർഡിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസയച്ചു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിൽ ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ച മോഹൻലാലിനും സ്ഥാപനത്തിനും ഖാദി ബോർഡ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഖാദി ബോർഡിന് മോഹൻലാൽ നോട്ടീസ് അയച്ചത്.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഖാദി തൊഴിലാളികളുടെ നൂലും തുണിയും തറികളും പ്രളയത്തിൽ നശിച്ചുപോകുന്ന അവസ്ഥയുണ്ടായി. സാമ്പത്തിക പരാധീനതയിൽനിന്ന‌് കരകയറാൻ പാടുപെടുന്ന തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടന്റെ നടപടിയിൽ വേദനയുണ്ട‌്. 14 ദിവസത്തിനുള്ളിൽ 50 കോടി നൽകുകയോ പരസ്യമായോ മാദ്ധ്യമങ്ങളിൽക്കൂടിയോ മാപ്പ‌് പറയുകയോ ചെയ്യണമെന്നാണ‌് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നു നോട്ടീസിൽ മോഹൻലാൽ വ്യക്തമാക്കുന്നു. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോർജ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ ഉൽപ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നതു ഖാദിബോർഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണ് പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നോട്ടീസ് അയച്ചത്.
ശേഷം സ്വകാര്യ സ്ഥാപനം പരസ്യം പിൻവലിച്ചിരുന്നു. ഇതിനു മാസങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ വക്കീൽ നോട്ടീസ് ഖാദി ബോർഡിനു ലഭിക്കുന്നത്. നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുൻപാണ് ശോഭനാ ജോർജ് ഈ വിഷയം പൊതുവേദിയിൽ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്‌തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീൽ നോട്ടീസിൽ മോഹൻലാൽ പറയുന്നു.