കൊച്ചി: തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ നടപടി തെറ്റാണെന്നും അച്ചടക്ക നടപടി ഒഴിവാക്കിയതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. യുവ വനിതാ ഐ.പി.എസ് ഓഫീസർ എന്ന പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ നടപടി ഒഴിവാക്കിയത്. സർക്കാരിന്റെ സദുദ്ദേശം പാർട്ടി ഉൾക്കൊള്ളുന്നുവെന്നും കോടിയേരി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായി അല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചാണെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി തിരുവനന്തപുരം അഡിഷണൽ സി.ജെ.എം കോടതിയിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിരുന്നതായും, പൊലീസ് സ്റ്റേഷനിൽ ജി.ഡി എൻട്രി രേഖപ്പെടുത്തിയിരുന്നതായും പൊലീസ് വിശദീകരിച്ചിരുന്നു.
കഴിഞ്ഞമാസമാണ് ഒൻപതോളം പേരടങ്ങിയ ഡി.വെെ.എഫ്.ഐ സംഘം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. പോക്സോ കേസിൽ അറസ്റ്റിലായ ഡി.വെെ.എഫ്.ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. ഇവരെ തേടിയായിരുന്നു റെയ്ഡ്.