ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി പരോളിലിറങ്ങിശേഷം മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി.ബൽറാം. കൊടും കുറ്റവാളികൾ പരോളിലിറങ്ങി വീണ്ടും നാട്ടിൽ കുറ്റകൃത്യങ്ങൾക്ക് നേരിട്ടിറങ്ങുകയാണെന്നും ഇതിനായി സി.പി.എം സർക്കാർ സുഖപരോളുകൾ അനുവദിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. തെറ്റായ വഴികളിലൂടെ ഇത്തരത്തിൽ അധികാരം ഉപയോഗിക്കുന്നവരെ വലിയ നവോത്ഥാന നായകരായി വാഴ്ത്തപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇതുപോലുള്ള വാർത്തകളെ നിസ്സംഗതയോട് കൂടി സമീപിക്കുന്ന ഒരു സാമൂഹിക മാനസികാവസ്ഥയാണ് കേരളത്തിൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയും അവരുടെ അടിമകളായ ബുദ്ധിജീവി വൃന്ദവും ചേർന്ന് സൃഷ്ടിച്ചു വച്ചിരിക്കുന്നത്. നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിൽ ശിക്ഷ നേരിടുന്ന കൊടും കുറ്റവാളി പരോളിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇതേ കേസിലെ മറ്റ് കുറ്റവാളികൾക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം സർക്കാർ സുഖവാസ പരോളുകൾ ആവർത്തിച്ച് നൽകുന്നു. ഇതിനൊക്കെ വേണ്ടി ഒരു ഉളുപ്പുമില്ലാതെ അധികാര ദുർവിനിയോഗം നടത്തുന്നവർ വലിയ നവോത്ഥാന നായകരായി വാഴ്ത്തപ്പെടുന്നു.
ശരിക്കും കേരളം നമ്പർ വൺ തന്നെ!