തന്റെ മുടി മുറിച്ചു നൽകിയതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യങ്ങളിൽ മോശമായ രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്തെന്ന് വ്യക്തമാക്കി ഡബ്ബിംഗ് ആർട്ടിസ്‌റ്റും നടിയുമായ ഭാഗ്യലക്ഷ്‌മി രംഗത്ത്. വിരൽതുമ്പിൽ നിന്നും പറ്റിയ പോയ അബദ്ധത്തിന്റെ പേരിൽ ചില തൽപര കക്ഷികൾക്ക് കുറച്ചു നേരത്തേക്ക് തന്നെ മാനസികമായി വിഷമിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഇപ്പോൾ താൻ പഴയനിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്ന് പറയുകയാണ് ഭാഗ്യലക്ഷ്‌മി.
മുടി മുറിച്ചു നൽകിയ വിവരം തന്റെ മക്കളോട് പറഞ്ഞതായിരുന്നു അത്. തീർത്തും സ്വകാര്യമായി അവർക്ക് അയച്ചു കൊടുത്തത്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധയാൽ മറ്റൊരാൾക്കു കൂടി ആ വീഡിയോ പോവുകയായിരുന്നു. അങ്ങനാണ് അത് പ്രചരിച്ചത്. എന്നാൽ ആദ്യഭാഗം മനപൂർവമായി വെട്ടിമാറ്റിയതിനു ശേഷമായിരുന്നു പ്രചാരണം. വളരെ കഷ്‌ടപ്പെട്ടാണ് താൻ ഈ നിലയിൽ എത്തിയതെന്നും. അതുകൊണ്ടു തന്നെ ഇതിനേക്കാൾ കയ്‌പ്പേറിയ അനുഭവങ്ങൾ നേരിട്ടാണ് ഇവിടെ എത്തിയതെന്നും ഭാഗ്യലക്ഷ്‌മി പറയുന്നു.
'ഞാൻ കരയാനൊന്നും ഒരുക്കമല്ല. കരയത്തുമില്ല. എന്റെ അച്ഛനേയോ, അമ്മയേയോ, ഭർത്താവിനെയോ ആരെക്കുറിച്ച് എന്തു തന്നെ പറഞ്ഞാലും ഐ ഡോന്റ് കെയർ. ഫിനിക്‌സ് പക്ഷിയെ പോലെ ഞാൻ ഉയർത്തെഴുന്നേൽക്കും'- ഭാഗ്യലക്ഷ്‌മി വ്യക്തമാക്കുന്നു.