ലോസ് ആഞ്ചൽസ്: പതിനഞ്ച് വർഷം മുൻപ് ചൊവ്വയുടെ രഹസ്യങ്ങൾ കണ്ടെത്താനായി നാസ അയച്ച ഓപ്പർച്യൂണിറ്റി റോവർ പ്രവർത്തന രഹിതമായെന്ന് നാസ പ്രഖ്യാപിച്ചു. ചൊവ്വയിലെ പൊടിക്കാറ്റിനെ തുടർന്നാണ് റോവർ പ്രവർത്തനരഹിതമായത്. ബുധനാഴ്ച കാലിഫോർണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്.
നാസ ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2018 ജൂൺ പത്തിനാണ് റോവർ ഓപ്പർച്യൂണിറ്റി ഭൂമിയുമായി ഏറ്റവും ഒടുവിൽ ആശയവിനിമയം നടത്തിയത്. ചൊവ്വയിലുണ്ടായ ശക്തമായ പൊടിക്കാറ്റ് മൂലം സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോവറിന്റെ മുകളിൽ സൂര്യപ്രകാശം ലഭിക്കാതെയായിരുന്നു. ജൂൺ ആദ്യവാരത്തോടെ ഓപ്പർച്ചൂണിറ്റിയിലെ ചാർജ്ജ് ക്രമാതീതമായി കുറയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രവർത്തനങ്ങൾക്കാവശ്യമായ ആവശ്യമായ ചാർജ്ജ് ശേഖരിക്കാനും റോവർ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയും ജൂൺ പത്തോട് കൂടി റോവറിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കുകയും ചെയ്തു.
റോവറിന്റെ ചാർജ്ജ് 24 വോൾട്ടിലും കുറഞ്ഞിട്ടുണ്ടാവുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മിഷൻ ക്ലോക്ക് ഒഴികെ എല്ലാ ഉപസംവിധാനങ്ങളും നിശ്ചലമാവുന്ന ലോ പവർ ഫോൾട്ട് മോഡിലേക്ക് റോവർ മാറിയിട്ടുണ്ടാവാം എന്നുമുള്ള അനുമാനത്തിലായിരുന്നു ഗവേഷകർ. അന്നുമുതൽ ഇന്നുവരെ റോവറുമായി നിരവധി തവണ ബന്ധപ്പെടാൻ ഗവേഷകർ ശ്രമിച്ചിരുന്നു. ആയിരക്കണക്കിന് കമാന്റുകൾ റോവറിലേക്ക് അയച്ചിരുന്നെങ്കിലും ഒന്നിനും പ്രതികരണമുണ്ടായില്ല.
2004 ജനുവരിയിലാണ് ഓപ്പർച്ചൂണിറ്റി റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജലസാന്നിധ്യത്തെകുറിച്ച് പഠിക്കുകയായിരുന്നു റോവറിന്റെ ലക്ഷ്യം.90ദിവസത്തെ പര്യവേഷണത്തിനെത്തിയ റോവർ 15 വർഷമാണ് ചൊവ്വയിൽ ചിലവിടുകയും ഇതിനോടകം 45 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തു. റോവറിന്റെ കണ്ടെത്തലുകലെ പ്രശംസിച്ചും പ്രവർത്തനം അവസാനിപ്പിച്ചതിൽ അല്പം ദുഖത്തോടെയുമാണ് നാസ ട്വീറ്ററിൽ റോവറിന് വിടപറഞ്ഞത്. റോവറിന്റെ കണ്ടെത്തലും സഞ്ചാരവും ചേർത്ത് നാസ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
One of the most successful and enduring feats of interplanetary exploration, our @MarsRovers Opportunity is at an end after almost 15 years exploring the surface of Mars. Designed to last just 90 Martian days, here's a look at this record-setting mission: https://t.co/erVYRlyIOm pic.twitter.com/VEY0KbLxyz
— NASA (@NASA) February 13, 2019