opp
ഓപ്പർച്ചൂണിറ്റി റോവർ

വാഷിംഗ‌്ടൺ: ചുവന്ന ഗ്രഹമായ ചൊവ്വയിൽ പതിനഞ്ച് വർഷമായി പര്യവേക്ഷണം നടത്തി വന്ന നാസയുടെ ഓപ്പർച്യൂണിറ്റി റോവർ, പൊടിക്കാറ്റിൽ സൂര്യൻ മറഞ്ഞ് ബാറ്ററി ചാർജ് തീർന്നതോടെ പ്രവർത്തന രഹിതമായി. ചൊവ്വയിൽ ഒരിക്കൽ ജലം ഒഴുകിയിരുന്നു എന്നതുൾപ്പെടെ പ്രപഞ്ച വിജ്ഞാനത്തിന്റെ ഒട്ടേറെ രഹസ്യങ്ങൾ അനാവരണം ചെയ്‌ത ഓപ്പർച്യൂണിറ്റിയുടെ അന്ത്യത്തോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും സഫലമായ ഒരു ദൗത്യത്തിനാണ് അവസാനമായത്. ഇക്കാലത്ത് ചൊവ്വയിൽ 45 കിലോമീറ്ററാണ് ഓപ്പർച്യൂണിറ്റി സഞ്ചരിച്ചത്.

ബുധനാഴ്ച കാലിഫോർണിയയിലെ പാസദേനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നാസ റോവറിന്റെ അന്ത്യം സ്ഥിരീകരിച്ചത്.

സൗരോർജ്ജത്തെ മാത്രം ആശ്രയിച്ചായിരുന്നു ഓപ്പർച്യൂണിറ്റിയുടെ പ്രവർത്തനം. കഴിഞ്ഞ വർഷം ജൂണിൽ ചൊവ്വയിൽ ശക്തമായ പൊടിക്കാറ്റ് വീശിയതു മുതൽ ഓപ്പർച്യൂണിറ്റിയുമായുള്ള നാസയു‌ടെ ബന്ധം നഷ്‌ടപ്പെട്ടിരുന്നു. ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമവും വിഫലമായിരുന്നു. ഏറ്റവും ഒടുവിൽ ബന്ധപ്പെട്ടത് 2018 ജൂൺ പത്തിനാണ്. പാനലുകളിൽ പൊടി അടിഞ്ഞതു കൂടാതെ ശക്തമായ പൊടിക്കാറ്റ് ഓപ്പർച്യൂണിറ്റിക്ക് മുകളിൽ സൂര്യനെ മറയ്‌ക്കുകയും ചെയ്തിരുന്നു. ഇതോടെ ജൂൺ ആദ്യം ബാറ്ററികളിലെ ചാർജ് ക്രമാതീതമായി കുറഞ്ഞു. തുടർന്ന് റോവറിന്റെ പ്രവർത്തനങ്ങൾ കുറച്ച് ചാർജ് സംരക്ഷിക്കാനും ശാസ്‌ത്രജ്ഞർ ശ്രമിച്ചു. ജൂൺ പത്തിന് ശേഷം ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു.

ചാർജ് 24 വോൾട്ടിലും കുറഞ്ഞിട്ടുണ്ടാവുമെന്നും ഒരു മിഷൻ ക്ലോക്ക് ഒഴികെ എല്ലാ സംവിധാനങ്ങളും നിശ്ചലമാവുന്ന ലോ പവർ മോഡിലേക്ക് റോവർ സ്വയം മാറിയിട്ടുണ്ടാവാം എന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം.

അന്ന് മുതൽ ബന്ധപ്പെടാൻ ആയിരക്കണക്കിന് സന്ദേശങ്ങൾ റോവറിലേക്ക് അയച്ചെങ്കിലും ഒന്നിനും പ്രതികരണമുണ്ടായില്ല.

ചൊവ്വയും റോവറുകളും

2004 ജനുവരിയിൽ ഓപ്പർച്യൂണിറ്റി ചൊവ്വയിൽ ഇറങ്ങി

 45.2 കിലോമീറ്റർ സഞ്ചരിച്ചു

 2,17,594 ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു

ചൊവ്വയിൽ ജലസാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി

ഓപ്പർച്യൂണിറ്റിക്ക് മൂന്നാഴ്ച മുൻപ് സ്‌പിരിറ്റ് റോവർ ഇറങ്ങി

2010ൽ സ്‌പിരിറ്റ് നിശ്ചലമായി

2012ൽ ഇറങ്ങിയ ക്യൂരിയോസിറ്റി റോവർ സജീവമാണ്

ക്യൂരിയോസിറ്റി സൗരോർജ്ജത്തെ ആശ്രയിക്കുന്നില്ല

ചെറിയൊരു ആണവ റിയാ‌ക്ടറാണ് അതിന് ഊർജ്ജം നൽകുന്നത്

2021ൽ യൂറോ - റഷ്യൻ റോവറായ റോസലിൻഡ് ഫ്രാങ്ക്ലിൻ ചൊവ്വയിൽ ഇറങ്ങും