തൃശൂർ : ശബരിമലപ്രശ്നം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകില്ലെന്നും മുഖ്യശത്രു സി.പി.എം തന്നെയായിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയുടെ ഭാഗമായി തൃശൂരിൽ പര്യടനത്തിനെത്തിയ മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണവും പിണറായി സർക്കാരിന്റെ ദുർഭരണവുമാണ് കോൺഗ്രസും യു.ഡി.എഫും പ്രചാരണ വിഷയമാക്കുക. 20 സീറ്റുകളും യു.ഡി.എഫ് നേടും. ബി.ജെ.പി ഒറ്റ സീറ്റ് പോലും നേടില്ല. എൽ.ഡി.എഫിന്റെ കേരളരക്ഷായാത്ര പ്രഹസനവും രാഷ്ട്രീയ നാടകവുമാണ്.
ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിനെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരേ, വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ഫയൽ കൈമാറിയിട്ടും നടപടിയുണ്ടായിട്ടില്ല. ആൾക്കൂട്ട കൊലപാതകങ്ങളിൽ ശക്തമായി പ്രതികരിക്കാറുള്ള സീതാറാം യെച്ചൂരി കേരള രക്ഷായാത്രയ്ക്ക് കേരളത്തിലെത്തുമ്പോൾ ഷുക്കൂറിന്റെ കൊലപാതകം സംബന്ധിച്ച് നിലപാട് വ്യക്തമാക്കണം.
താനോ യു.ഡി.എഫോ ആർ.എം.പിയുമായി ഒരുവിധ രാഷ്ട്രീയ ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും യുവാക്കൾക്കും വനിതകൾക്കും പ്രാതിനിദ്ധ്യമുണ്ടാകും. വി.എം. സുധീരൻ സ്ഥാനാർത്ഥിയാകാൻ തയ്യാറെങ്കിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി താനാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ശൂരനാട് രാജശേഖരൻ, പത്മജാ വേണുഗോപാൽ, എ.എ. ഷുക്കൂർ, ജോസഫ് ചാലിശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.