സി.ആർ.പി.എഫ് വാഹന വ്യൂഹത്തിൽ ചാവേർ കാർബോംബ് ഇടിച്ചു കയറ്റി
ശ്രീനഗർ: ജമ്മു കാശ്മീരിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആർ.പി.എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിന് നേരെ ജയ്ഷെ ഭീകരർ നടത്തിയ ചാവേർ കാർബോംബാക്രമണത്തിൽ 43 ജവാൻമാർ വീരമൃത്യു വരിച്ചു.
പരിക്കേറ്റ നിരവധി ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പതിനഞ്ചുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഭീകര ഗ്രൂപ്പ് ഏറ്റെടുത്തു.
തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്പോറയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസും ഒരു കാറും പൂർണമായി തകർന്നു. ബസിൽ 35 സൈനികരുണ്ടായിരുന്നു. ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ
സ്ഥലത്താകെ ചിതറിത്തെറിച്ചു. ബസിന്റെ ഒടിഞ്ഞുമടങ്ങിയ ഇരുമ്പ് ഭാഗങ്ങൾക്കിടയിലും മൃതദേഹങ്ങൾ കുടുങ്ങിയിരുന്നു.
ചാവേർ ആക്രമണമായിരുന്നെന്നും വഖാസ് എന്ന ആദിൽ അഹമ്മദ് ദറിനെയാണ് ചാവേർ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചതെന്നും ജെയ്ഷെ വക്താവ് അറിയിച്ചു. പുൽവാമ ജില്ലയിലെ കാകപോറ സ്വദേശിയായ ആദിൽ അഹമ്മദ് ദർ കഴിഞ്ഞ വർഷമാണ് ജെയ്ഷെ മുഹമ്മദിന്റെ ഭാഗമായത്.
സ്ഫോടനത്തിന് ശേഷം ഭീകരർ വാഹനവ്യൂഹത്തിനു നേരെ വെടിവയ്ക്കുകയും ചെയ്തു. രക്ഷാപ്രവർത്തനവും ഭീകരർക്കു വേണ്ടിയുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.