അമ്പലപ്പുഴ : തോട്ടപ്പള്ളിക്ക് സമീപമുണ്ടായ സംഘർഷത്തിലെ പ്രതികളെ പിടിക്കാനെത്തിയ അമ്പലപ്പുഴ പൊലീസിനു നേരെ ഗുണ്ടകളുടെ ആക്രമണം. അക്രമി സംഘത്തിലുണ്ടായിരുന്ന കൊലക്കേസ് പ്രതി വെളിയത്ത് കിഴക്കേതിൽ വിഷ്ണുലാൽ (ലാലാച്ചി - 25) അമ്പലപ്പുഴ എസ്.ഐ രാധാകൃഷ്ണന്റെ കൈ തല്ലിയൊടിച്ചു. ബുധനാഴ്ച രാത്രി 12നായിരുന്നു സംഭവം. അക്രമണത്തിൽ അമ്പലപ്പുഴ സി.ഐ ബിജു വി. നായർ, സി.പി.ഒ വിഷ്ണു എന്നിവർക്കും മർദ്ദനമേറ്റു. സി.ഐയുടെ തലയ്‌ക്ക് തൊട്ടി കൊണ്ടടിച്ചത് തടഞ്ഞപ്പോഴാണ് എസ്.ഐ രാധാകൃഷ്ണന്റെ കൈ തല്ലി ഒടിച്ചത്.
കല്ലെറിഞ്ഞ അക്രമികൾക്ക് പിന്നാലെ ഓടി വിഷ്ണുലാലിന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഇയാൾ ചീത്ത വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് കുടുതൽ പൊലീസെത്തിയാണ് വിഷ്ണുവിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു വർഷം മുമ്പ് കരുവാറ്റയിൽ നടന്ന ജിഷ്ണു കൊലക്കേസിലെ പ്രതിയാണ് വിഷ്ണുലാൽ. ബാറിൽ ഒരാളെ കുത്തി പരിക്കേല്പിച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ്. പൊലീസുകാരെ തടഞ്ഞതിന് വിഷ്ണുലാലിന്റെ അച്ഛൻ വിനുലാൽ, അമ്മ മിനി എന്നിവർക്കെതിരെയും കേസെടുത്തു. അതേസമയം പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് ഇവർ ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.