ന്യൂഡൽഹി: കഴിഞ്ഞ വർഷം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ലോക്സഭയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തത് വലിയ വാർത്തയായിരുന്നു. ആ ആലിംഗനത്തെക്കുറിച്ച് വിശദീകരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നോട് ഉണ്ടായിരുന്ന വിദ്വേഷം ആ ഒറ്റ ആലിംഗനം കൊണ്ട് ഇല്ലാതായെന്ന് രാഹുൽ. "മോദിജിക്കെന്നോട് വെറുപ്പുണ്ടായിരുന്നു. ഞാൻ പോയി അദ്ദേഹത്തെ ആലിംഗനം ചെയ്തു. അതോടെ അദ്ദേഹത്തിനെന്നോടുള്ള വിദ്വേഷം ഞാൻ അവസാനിപ്പിച്ചു", രാഹുൽ ഗാന്ധി പറഞ്ഞു. അജ്മീറിൽ സേവാദൾ പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി തന്നെ ആലിംഗനത്തെ പരിഹസിച്ച് നരേന്ദ്രമോദി ബുധനാഴ്ച സഭയിൽ വീണ്ടുമൊരു പരാമർശം നടത്തിയിരുന്നു. ആലിംഗനവും ഒരാൾ അയാളെ നമുക്ക് നേരെ വലിച്ചെറിയുന്നതും തമ്മിലുള്ള വ്യത്യാസം ഞാൻ സഭയിൽ വെച്ച് ആദ്യമായി മനസിലാക്കി എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. മോദിയുടെ ഈ പരാമർശത്തിനെതിരെയാണ് ആലിംഗനവുമായി ബന്ധപ്പെട്ട് രാഹുലിന്റെ വിശദീകരണം വീണ്ടും വന്നത്.
ബി.ജെ.പിയും ആർ.എസ്.എസും നമ്മെ അധിക്ഷേപിച്ചാലും നമ്മൾ അവരെ സ്‌നേഹം കൊണ്ട് തോൽപ്പിക്കണം. കോൺഗ്രസിനെ ഇല്ലാതാക്കുമെന്ന് എന്നെയും എന്റെ കുടുംബത്തെയും ഇടക്കിടെ ആക്രമിച്ചു കൊണ്ട് മോദിജി പറയാറുണ്ട്. പക്ഷെ അതിന് പകരമായി ഞാൻ പോയി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു ഞാൻ", രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോയി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു ഞാൻ", രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വർഷം ലോക്‌സഭയിൽ വെച്ച് മോദിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ശേഷം നേരെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനവും ആലിംഗനവും രാഹുൽ നൽകിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. രാഹുലിന്റെ നീക്കത്തിൽ സ്തംഭിച്ചുപോയ മോദി മടങ്ങാൻ ഒരുങ്ങിയ രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനം നൽകുകയുമായിരുന്നു.