കൊച്ചി: ക്ലാസിക് ക്രൂസർ ബൈക്കുകളിലെ ചെക്ക് ഇതിഹാസ ബ്രാൻഡായ ജാവ മോട്ടോർസൈക്കിൾസിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം ഇടപ്പള്ളിയിൽ തുറന്നു. എം.എൽ.എമാരായ ഹൈബി ഈഡൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ജാവയുടെ ഉടമകളായ ക്ലാസിക് ലെജൻഡ്‌സിന്റെ സഹസ്ഥാപകൻ അനുപം തരേജ, ക്ലാസിക് മോട്ടോർ കൊച്ചിൻ ഓണർ സൗമിൻ നവാസ് തുടങ്ങിയവർ സംബന്ധിച്ചു.
ക്ലാസിക് ലെജൻഡ്‌സ് ഈമാസം കേരളത്തിൽ ഏഴ് ഷോറൂമുകൾ തുറക്കുമെന്ന് അനുപം തരേജ പറഞ്ഞു. കേരളത്തിലെ ആദ്യ ഷോറൂം തിരുവനന്തപുരത്ത് കഴിഞ്ഞദിവസം തുറന്നിരുന്നു. ഇന്ത്യയിൽ ഈവർഷം 100 ഷോറൂമുകൾ തുറക്കാൻ ലക്ഷ്യമിടുന്ന ക്ലാസിക് ലെജൻഡ്‌സിന്റെ 38-ാം ഷോറൂമാണ് കൊച്ചിയിലേത്. കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും ഉടൻ ഷോറൂമുകൾ തുറക്കും. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ജാവ മോട്ടോർസൈക്കിൾസ് ജാവ, ജാവ 42 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. സെപ്‌തംബർ വരെയുള്ള വിതരണത്തിന്റെ ഓൺലൈൻ ബുക്കിംഗ് കഴിഞ്ഞു.
വിതരണം ഏപ്രിലിൽ തുടങ്ങും. രണ്ടാംഘട്ട ബുക്കിംഗിന് ഇന്നലെ തുടക്കമായി. ജാവയ്ക്ക് 1.67 ലക്ഷം രൂപയും ജാവ 42ന് 1.58 ലക്ഷം രൂപയുമാണ് തുടക്കവില. ജാവയുടെ ഇന്ത്യയിലെ മൂന്നാംമോഡലായ പെരാക് ഈവർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.