ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ വസതിയായ രാജ് നിവാസിനു മുന്നിൽ സംസ്ഥാന മുഖ്യമന്ത്രി വി.നാരായണ സാമി കുത്തിയിരിപ്പു പ്രതിഷേധം തുടരുന്നു. കിരൺ ബേദി അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ചാണ് മന്ത്രിസഭാംഗങ്ങൾക്കും ഭരണപക്ഷ എം.എൽ.എമാർക്കും ഒപ്പം നാരായണ സാമി പ്രതിഷേധം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാജ് നിവാസിനു മുന്നിലെ റോഡരികിൽ ഉറങ്ങുന്ന ചിത്രം മുഖ്യമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടു.
സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ലഫ്.ഗവർണർ കൈ കടത്തുന്നുവെന്നും ജനക്ഷേമ പദ്ധതികൾ തടയുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാരിന്റെ 39 നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പട്ടിക ലഫ്.ഗവർണർക്കു കൈമാറിയെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യത്തിലാണു പ്രതിഷേധിച്ചതെന്നു നാരായണ സാമി പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചു താനുന്നയിച്ച സംശയങ്ങൾക്കു മറുപടി നൽകണമെന്നും കിരണ്‍ ബേദി അറിയിച്ചു. മുഖ്യമന്ത്രിയെ ഈ മാസം 21 ന് ക്ഷണിച്ചിട്ടുണ്ടെന്നും ലഫ്.ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയും ലഫ്.ഗവർണറും തമ്മിൽ ഏറെനാളായി ശീത സമരം നിലനിൽക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കു ഹെൽമറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ എടുത്തതാണു പെട്ടെന്നുള്ള പ്രകോപനം.
നിയമം കൊണ്ടുവന്നതിനു പിന്നാലെ ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നവരെ പിടിക്കാൻ കിരൺ ബേദി നേരിട്ടു റോഡിലിറങ്ങിയിരുന്നു. എന്നാൽ ബോധവൽക്കരിച്ചശേഷം ഘട്ടം ഘട്ടമായി ഹെൽമറ്റ് നിർബന്ധമാക്കാനാണു സർക്കാർ ആലോചിച്ചതെന്നു നാരായണ സാമി പറയുന്നു.